Latest NewsKerala

ടി.പി വധക്കേസ്: കുഞ്ഞനന്തന്‍ മനുഷ്യസ്‌നേഹി എന്ന് എ എന്‍ ഷംസീര്‍

കുഞ്ഞനന്തന്‍ ആരാണെന്ന് പാനൂര്‍ മേഖലയിലെ യുഡിഎഫ് നേതാക്കളോട് ചോദിച്ചാലറിയാം എന്നും ഷംസീര്‍ പറഞ്ഞു

തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി പി. കെ കുഞ്ഞനന്തനെ ന്യായീകരിച്ച് സിപിഎം എംഎല്‍എ എ എന്‍ ഷംസീര്‍. കുഞ്ഞനന്തന്‍ മനുഷ്യ സ്‌നേഹി ആണെന്ന് എംഎല്‍എ പറഞ്ഞു. ടി.പി വധക്കേസ് ആര്‍എസ്എസ് കോണ്‍ഗ്രസ് ഗൂഡാലോചന ആണെന്നും കുഞ്ഞനന്തനെ കുടുക്കിയതാണെന്നും ഷംസീര്‍ പറഞ്ഞു. കാസര്‍കോട് ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് പ്രമുഖ ടെലിവിഷന്‍ ചാനല്‍ നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാക്കുകളുടെ ആത്മാര്‍ത്ഥതയെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഷംസീറിന്റെ പ്രതികരണം.

മാധ്യമങ്ങള്‍ കുഞ്ഞനന്തനെ ഭീകരനായി ചിത്രീകരിക്കുകയാണെന്നും, കുഞ്ഞനന്തന്‍ ആരാണെന്ന് പാനൂര്‍ മേഖലയിലെ യുഡിഎഫ് നേതാക്കളോട് ചോദിച്ചാലറിയാം എന്നും ഷംസീര്‍ പറഞ്ഞു. ആ മനുഷ്യ സ്‌നേഹിയെ കുറിച്ച് അവിടെ പോയാലറിയാം. ഉദാത്തമായ മനുഷ്യ സ്‌നേഹിയാണ് കുഞ്ഞനന്തന്‍. അദ്ദേഹത്തെ തെറ്റായി ഉള്‍പ്പെടുത്തിയതാണ്. ആര്‍എസ്എസും കോണ്‍ഗ്രസും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് ടി പി വധക്കേസെന്ന് എ എന്‍ ഷംസീര്‍ പറഞ്ഞു.

പി ജയരാജനെയും ഭീകരനായി ചിത്രീകരിക്കുന്നുണ്ടെന്നും ഷുക്കൂര്‍ വധക്കേസില്‍ പങ്കില്ലെന്ന് വ്യക്തമായിട്ടും കണ്ടിട്ട് മിണ്ടിയില്ലെന്ന ബാലിശമായ വാദത്തിന്റെ പുറത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മുസ്ലീം ലീഗും ചേര്‍ന്ന് കേസില്‍ കുടുക്കിയതാണെന്നും ഷംസീര്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button