കാസര്‍കോട്: കാസര്‍കോട് യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകക്കേസ് പോലീസ് അന്വേഷണം കര്‍ണാടകത്തിലേക്ക് നീങ്ങുന്നു. ആരാണ് കൊലപാതകത്തിന് പിന്നിലെന്ന കാര്യത്തില്‍ ഇനിയും പോലീസിന് വലിയ സൂചനകള്‍ കിട്ടിയിട്ടില്ല. ഇന്നലെ പോലീസ് രണ്ട് സിപിഎം അനുഭാവികളെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ഇന്നും ചോദ്യം ചെയ്യും. ഇന്ന് കേസില്‍ കൂടുതല്‍ പേരെ കസ്റ്റഡിയിലെടുക്കാനാണ് സാധ്യത.
പ്രതികൾ കര്‍ണാടകത്തിലേക്ക് കടന്നിരിക്കാമെന്നാണ് അന്വേഷണസംഘം കരുതുന്നത്. അതിനാൽ അന്വേഷണം കര്‍ണാടകത്തിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. അന്വേഷണത്തിന് കര്‍ണാടക പോലീസിന്‍റെ സഹായം തേടിയിട്ടുണ്ടെന്നും അവര്‍ എല്ലാ സഹായവും ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ഇന്നലെ പോലീസ് വ്യക്തമാക്കിയിരുന്നു.
സിപിഎം പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. കാസർകോട്ടെ സിപിഎം പ്രാദേശിക നേതൃത്വം കണ്ണൂരില്‍ നിന്നുള്ള ഒരു സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയെന്നാണ് സൂചന. കൊലപാതകം നടന്ന ദിവസം കല്യോട്ട് ഭഗവതി ക്ഷേത്രത്തില്‍ ഒരു കളിയാട്ട മഹോത്സവത്തിന്‍റെ സംഘാടക സമിതി രൂപീകരണയോഗം നടന്നിരുന്നു. ഈ സമയത്ത് കണ്ണൂര്‍ രജിസ്ട്രേഷനുള്ള ഒരു വാഹനം സ്ഥലത്ത് കണ്ടതായി പോലീസിന് മൊഴി കിട്ടിയിട്ടുണ്ട്. കണ്ണൂരിലെ ക്വട്ടേഷന്‍ സംഘമാണോ കൊലയ്ക്ക് പിന്നിലെന്നുള്ള സംശയം ശക്തമാകാനുള്ള കാരണമിതാണ്.
Post Your Comments