Latest NewsKerala

പെരിയാറില്‍ കല്ല് കെട്ടി താഴ്ത്തിയ യുവതിയുടെ മൃതദേഹം : അന്വേഷണം വെളുത്ത പോളോ കാര്‍ കേന്ദ്രീകരിച്ച്

പാലത്തിനടിയിലുള്ള ധാബയില്‍ ഒരു തവണയെങ്കിലും ഭക്ഷണം കഴിക്കാന്‍ എത്തിയിട്ടുള്ളവര്‍ക്ക് ഈ സ്ഥലം നല്ല നിശ്ചയമെന്ന് പൊലീസ്

കൊച്ചി : പെരിയാറില്‍ യുവതിയെ പുതപ്പില്‍ കെട്ടിത്താഴ്ത്തിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം മുന്നോട്ടു നീക്കാനാകാതെ പൊലീസ്. മരിച്ച യുവതിയെ കണ്ടെത്താനോ പ്രതികളെക്കുറിച്ചോ പുതിയ സൂചനകളിലേക്കു നയിക്കുന്ന വിവരങ്ങളോ പൊലീസിനു ലഭിച്ചിട്ടില്ലെന്നതും അന്വേഷണത്തെ ബാധിക്കുന്നുണ്ട്.

കേരളത്തിനു പുറത്തുള്ള ആയിരക്കണക്കിന് കാണാതാകല്‍ കേസുകളുമായി പൊലീസ് മൃതദേഹത്തില്‍ നിന്നു ലഭിച്ച വിവരങ്ങള്‍ താരതമ്യപ്പെടുത്തിയിരുന്നു. എന്നാല്‍ കാര്യമായി വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. മരിച്ചതാരാണെന്ന വിവരം ലഭിച്ചാല്‍ മാത്രമേ അന്വേഷണം ഇനി മുന്നോട്ടു നീങ്ങൂ എന്നതാണ് നിലവിലുള്ള സാഹചര്യം. അതേസമയം മൃതദേഹം പുഴയില്‍ ഒഴുക്കുന്നതിന് പുതപ്പു വാങ്ങിയ രണ്ടു പേരെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിനു ലഭിച്ചു എന്നു പറയുമ്പോഴും കൃത്യമായ സൂചന ലഭിച്ചിട്ടില്ല എന്നത് വിലങ്ങു തടിയാണ്.

പുതപ്പു വാങ്ങാന്‍ സ്ത്രീയും പുരുഷനും യാത്ര ചെയ്ത വാഹനം വെളുത്ത പോളോ കാര്‍ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അതേസമയം വെളുത്ത പോളോ കാര്‍ ഉപയോഗിക്കുന്നവര്‍ കുറവാണെന്നും ഇത് അന്വേഷണം കുറെക്കൂടി സുഗമമാക്കും എന്നുമുള്ള പ്രതീക്ഷയിലാണ് പൊലീസ്. സംസ്ഥാനത്ത് വെളുത്ത പോളോ കാര്‍ ഉപയോഗിക്കുന്നവരുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്

രക്തക്കറയും മറ്റും പറ്റിയിരിക്കാന്‍ ഇടയുണ്ട് എന്ന കണക്കു കൂട്ടലില്‍ അടുത്ത ദിവസങ്ങളില്‍ വെളുത്ത പോളോ കാര്‍ കഴുകുന്നതിനായി സര്‍വീസ് സെന്ററുകളെ സമീപിച്ചിട്ടുള്ളവരെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. സ്ഥലത്തുള്ള സിസിടിവി ദൃശ്യങ്ങളെല്ലാം ഇതിനകം പൊലീസ് പരിശോധിച്ചു കഴിഞ്ഞിട്ടുണ്ട്. സ്ഥലത്തെ ടെലിഫോണ്‍ ടവറുകള്‍ക്കു കീഴില്‍ രാത്രിയിലും സജീവമായിരുന്ന മൊബൈല്‍ നമ്പരുകളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയിരുന്നു.

മരിച്ച യുവതിക്ക് ആധാര്‍ കാര്‍ഡുണ്ടെങ്കില്‍ അന്വേഷണം സുഗമാക്കുമെന്ന പ്രതീക്ഷയാണ് ഇപ്പോള്‍ പൊലീസിനുള്ളത്. യുവതിയുടെ വിരലടയാളം പകര്‍ത്താന്‍ ഫോറന്‍സിക് വിദഗ്ധര്‍ക്ക് സാധിച്ചിട്ടുണ്ടെന്നാണ് വിവരം. അങ്ങനെയാണെങ്കില്‍ ആധാര്‍ ഡാറ്റാബേസില്‍ നിന്നു പൊലീസിനു ആരാണ് മരിച്ചതെന്ന വിവരം കണ്ടെത്താനാകും എന്നും വിലയിരുത്തുന്നു. കീഴ്താടിയില്‍ മറുകുള്ള യുവതിയാണ് മരിച്ചിട്ടുള്ളത്. ഈ വിവരം പുറത്തു വിട്ടിട്ടും കാര്യമായ വിവരമൊന്നും പൊലീസിനു ലഭിച്ചിട്ടില്ല.

മൃതദേഹം പുഴയില്‍ ഒഴുക്കിയവര്‍ക്ക് സ്ഥലത്തെക്കുറിച്ച് മുന്‍ധാരണ ഉണ്ടെന്നാണു പൊലീസ് കരുതുന്നത്. മംഗലപ്പുഴ പാലത്തിനടിയിലെ റോഡിലൂടെ കാറില്‍ കൊണ്ടുവന്ന് മൃതദേഹം കെട്ടിത്താഴ്ത്തിയതാകാനുള്ള സാധ്യതയും പൊലീസ് പരിഗണിക്കുന്നുണ്ട്. പാലത്തിലൂടെ പോകുമ്പോള്‍ മംഗലപ്പുഴപ്പാലത്തിന്റെ അടിയിലെ റോഡിനെക്കുറിച്ച് മനസിലാക്കാനാവില്ല. എന്നാല്‍ പാലത്തിനടിയിലുള്ള ധാബയില്‍ ഒരു തവണയെങ്കിലും ഭക്ഷണം കഴിക്കാന്‍ എത്തിയിട്ടുള്ളവര്‍ക്ക് ഈ വഴി തിരിച്ചറിയാന്‍ സാധിച്ചിട്ടുണ്ടാകും. അങ്ങനെയാണെങ്കില്‍ സ്ഥലപരിചയമുള്ളവര്‍ ആയിരിക്കാം പ്രതിസ്ഥാനത്തുള്ളവര്‍ എന്നും വിലയിരുത്തുന്നുണ്ട്.

അതേസമയം മൃതദേഹം കണ്ടെത്തി ഇത്ര ദിവസമായിട്ടും മിസിങ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തത് പൊലീസിനെ ആശങ്കയിലാക്കുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തി ജോലി ചെയ്യുന്നവരിലേക്കും ഐടി മേഖലകളില്‍ ജോലി ചെയ്യുന്നവരിലേക്കും അന്വേഷണം നീട്ടിയിട്ടും ഇതുവരെ വിവരങ്ങളൊന്നും പൊലീസിനു ലഭിച്ചിട്ടില്ല. സ്വന്തം വീടുകളില്‍ ആക്രമിക്കപ്പെട്ട സംഭവം ആകാനും സാധ്യതയുണ്ടെന്നാണ് പൊലീസ് വിലയിരുത്തുന്നത്. അങ്ങനെയാണെങ്കില്‍ വിവരം പുറത്തു വരുന്നതിനോ പരാതിക്കാരുണ്ടാകാനോ ഇനിയും സമയം എടുത്തേക്കാം എന്നാണ് പൊലീസ് പറയുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button