തിരുവനന്തപുരം : കാസര്‍കോട് ഇരട്ടക്കൊലപാതക കേസില്‍ ഗവര്‍ണര്‍ ഇടപെട്ടു. പ്രതിപക്ഷ നേതാവിന്റെ പരാതിയിലാണ് നടപടി. ഇതേതുടര്‍ന്ന് ഗവര്‍ണര്‍ മുഖ്യമന്ത്രിയില്‍ നിന്നും അടിയന്തിര റിപ്പോര്‍ട്ട് തേടി.
രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് പൊലീസ് ഇപ്പോള്‍ നടത്തുന്ന അന്വേഷണത്തിന്റെ തല്‍സ്ഥിതി അടിയന്തരമായി അറിയിക്കണമെന്നാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കൊലപാതകവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് ഗവര്‍ണറെ ബോധ്യപ്പെടുത്തിയെന്ന് രാജ്ഭവന്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു. ഉറ്റവരെ നഷ്ടപ്പെട്ടതിനു പുറമെ കുറ്റവാളികളെ കണ്ടെത്താന്‍ പൊലീസ് വൈകുന്നത് കൊല്ലപ്പെട്ട യുവാക്കളുടെ ബന്ധുക്കള്‍ക്ക് ഏറെ സങ്കടമുണ്ടാക്കുന്നതാണെന്നും ചെന്നിത്തല അറിയിച്ചിരുന്നു.
പെരിയ കല്യോട്ട് സ്വദേശികളും യൂത്ത് കോണ്‍ഗ്രസ് പ്രവത്തകരും ആയിരുന്ന കൃപേഷ്, ശരത് ലാല്‍ എന്നിവരാണ് ഞായറാഴ്ച കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി എട്ടുമണിയോടെ കാസര്‍കോട് പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ കല്ലിയോട്ടുവച്ചാണ് ഇരുവരേയും വെട്ടിക്കൊന്നത്. അതേസമയം, ഇരട്ടക്കൊലപാതക കേസില്‍ യോഗം ചേര്‍ന്ന അന്വേഷണ സംഘം കേസിന്റെ പുരോഗതി വിലയിരുത്തി. മൊഴികള്‍ ഒത്തുനോക്കിയ അന്വേഷണ സംഘം വൈരുധ്യങ്ങളും പരിശോധിച്ചു.
Post Your Comments