KeralaLatest NewsNews

മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കം ബന്ധുവിന്റെ കൊലയില്‍ കലാശിച്ചു:വനത്തില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍

ഇടുക്കി: മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ബന്ധുവിനെ കുത്തിക്കൊന്ന കേസില്‍ വനത്തില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍. പൂച്ചപ്ര വാളിയംപ്ലാക്കല്‍ കൃഷ്ണന്‍ എന്നറിയപ്പെടുന്ന ബാലനെ (48) കൊലപ്പെടുത്തിയ കേസില്‍ ബന്ധുവായ വാളിയംപ്ലാക്കല്‍ ജയനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുളമാവിന് സമീപം വനപ്രദേശമായ വലിയമാവ് പ്രദേശത്ത് നിന്നാണ് പ്രതിയെ പൊലീസ് പിടികൂടുന്നത്. ശനിയാഴ്ച രാത്രി ഏഴരയോടെ പൂച്ചപ്ര സ്‌കൂളിന് സമീപത്ത് വച്ചാണ് കൊലപാതകം നടന്നത്.

Read Also:അപ്പാര്‍ട്ട്‌മെന്റില്‍ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത സംഭവം: കൂപ്പര്‍ ദീപു കീഴടങ്ങി

ബാലനും ജയനും ഉള്‍പ്പെടെ നാലുപേര്‍ പകല്‍ സമയം മുതല്‍ മദ്യപാനത്തിലായിരുന്നു. പിന്നീട് രാത്രിയില്‍ ഇരുവരും വീട്ടിലേയ്ക്ക് മടങ്ങുമ്പോള്‍ വാക്കുതര്‍ക്കം ഉണ്ടാകുകയും കത്തിക്കുത്ത് ഉണ്ടാക്കുകയുമായിരുന്നു. ബാലന്റെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിയെത്തി. ഉടന്‍ തന്നെ ഗ്രാമപഞ്ചായത്തംഗം പോള്‍ സെബാസ്റ്റ്യന്‍ ഇടപെട്ട് ആംബുലന്‍സ് വിളിച്ച് വരുത്തി പരിക്കേറ്റ ബാലനെ തൊടുപുഴയിലെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബാലന്റെ നെഞ്ചിനും കഴുത്തിനും ഉള്‍പ്പെടെ നിരവധി കുത്തേറ്റിരുന്നു. സംഭവത്തിന് ശേഷം പ്രതിയായ ജയന്‍ ഇരുളിന്റെ മറവില്‍ സമീപത്തെ മലയുടെ മുകളിലേക്ക് രക്ഷപെട്ടു. വിവരമറിഞ്ഞെത്തിയ കാഞ്ഞാര്‍ പൊലീസ് നാട്ടുകാരെ കൂട്ടി രാത്രി തന്നെ പ്രദേശത്ത് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

നിരവധി കേസുകളിലെ പ്രതിയാണ് ജയനെന്ന് പൊലീസ് പറഞ്ഞു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ബാലന്റെ കാലില്‍ ജയന്‍ വെട്ടി പരിക്കേല്‍പ്പിച്ചിരുന്നു. ആഴ്ചകളോളം കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരുന്ന ശേഷമാണ് ബാലന്‍ അന്ന് രക്ഷപെട്ടത്. ജയനെ കണ്ടത്തുന്നതിനായി കോഴിപ്പിള്ളി, വലിയമാവ്, കുളമാവ് പ്രദേശങ്ങളിലും പൊലീസ് അന്വേഷണം നടത്തിയിരുന്നു. കൊലപാതകം നടന്ന സ്ഥലത്തുള്‍പ്പെടെ പൊലീസ് നായയെ എത്തിച്ചും പരിശോധന നടത്തിയിരുന്നു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു. കൊലപാതകം നടന്ന സ്ഥലത്തു നിന്ന് 15 കിലോ മീറ്ററോളം അകലെ നിന്നാണ് പ്രതി പിടിയിലാകുന്നത്. രണ്ട് ദിവസം പ്രതി വനത്തിനുള്ളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഇരുവരും ആദിവാസി വിഭാഗത്തിലെ ഊരാളി സമുദായത്തില്‍പ്പെട്ടവരാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button