കാട്ടാനകള്‍ ചരിഞ്ഞത് ക്ഷയരോഗം മൂലം; രോഗം പകര്‍ന്നത് മനുഷ്യരില്‍ നിന്ന്
വയനാട്: കേരളത്തില്‍ മനുഷ്യരില്‍നിന്ന് കാട്ടാനകളിലേക്ക് ക്ഷയരോഗം പകര്‍ന്നതായി കണ്ടെത്തി. വയനാടന്‍ കാടുകളിലെ ആനകളിലാണ് ക്ഷയരോഗം പടര്‍ന്നതായി കണ്ടെത്തിയത്. ചരിഞ്ഞ മൂന്നു കാട്ടാനകളുടെ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
സംസ്ഥാന വനം-വന്യജീവി വകുപ്പിലെ ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.
മനുഷ്യരുമായി അടുത്തിടപഴകുന്ന മൃഗങ്ങളില്‍ മുമ്പും ക്ഷയം പകര്‍ന്നതായി കണ്ടെത്തിയിട്ടുണ്ട്. നാട്ടാനകളിലും ഇത്തരത്തില്‍ രോഗം ബാധിച്ചിട്ടുണ്ട്. എന്നാല്‍ കാട്ടാനകളില്‍ രോഗം സ്ഥിരീകരിച്ചത് ഗുരുതരപ്രശ്‌നമാണെന്ന് വിദഗ്ധര്‍ പറയുന്നു. കാട്ടാനകളുടെ ആവാസമേഖലയിലേക്കുള്ള മനുഷ്യരുടെ കടന്നുകയറ്റത്തിന്റെ ഫലമാണ് രോഗപ്പകര്‍ച്ചയെന്ന് വിലയിരുത്തപ്പെടുന്നു. എങ്ങനെ ഇവ പകരുന്നു എന്നതില്‍ കൂടുതല്‍ പഠനം വേണ്ടിവരും. ശ്രീലങ്കയില്‍ കാട്ടാനകളില്‍ ക്ഷയം നേരത്തേ സ്ഥിരീകരിച്ചിട്ടുണ്ട്.
മനുഷ്യശരീരത്തില്‍ കാണുന്ന മൈകോബാക്ടീരിയം ട്യൂബര്‍കുലോസിസ് എന്ന ബാക്ടീരിയയാണ് അണുബാധയ്ക്ക് കാരണം. മനുഷ്യരുടെ ശരീരസ്രവങ്ങളിലൂടെയാണ് രോഗം പകരുന്നത്. കിതപ്പ്, ക്ഷീണം, തുമ്പിക്കൈയില്‍നിന്ന് നീരൊലിപ്പ്, ശരീരഭാരം കുറയല്‍ എന്നിവയാണ് ആനകളില്‍ രോഗം ബാധിച്ചാലുള്ള ലക്ഷണങ്ങള്‍.
18-20 വയസ്സ് വരെയുള്ള ആനകളിലാണ് കൂടുതലായി രോഗം കാണാറുള്ളത്. ക്ഷയരോഗമുള്ള പാപ്പാന്‍മാരില്‍ നിന്നായിരുന്നു ആനകള്‍ക്ക് രോഗം പകര്‍ന്നിരുന്നത്.
Post Your Comments