
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാമക്രണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനെ സാമ്പത്തിക ഘടനയില്‍ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളാണ് ഇന്ത്യ ആദ്യം നടത്തുക. രാജ്യാന്തര തലത്തിലെ നീക്കത്തിലൂടെ പാകിസ്താന്റെ സമ്പത്ത് ഘടനയെ കൂടുതല്‍ ക്ഷയിപ്പിക്കുകയാണ് ലക്ഷ്യം. പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്ന എല്ലാ ഉല്‍പ്പന്നങ്ങളുടെയും കസ്റ്റംസ് തീരുവ 200 ശതമാനമാക്കി ഉയര്‍ത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിയും ഇതിന്റെ ഭാഗമാണ്. എഫ് എ ടി എഫ് എന്ന് അറിയപ്പെടുന്ന ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സിന്റെ ഗ്രേ ലിസ്റ്റിലാണ് പാകിസ്ഥാന്‍ ഇപ്പോഴുള്ളത്.
രാജ്യാന്തര വ്യാപാരത്തേയും സാമ്പത്തിക ക്രയവിക്രയങ്ങളെയും പാകിസ്ഥാന് സാധാരണ രീതിയില്‍ ഇതു മൂലം നടത്താന്‍ സാധിക്കില്ല. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം നല്‍കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യയാണ് പാകിസ്ഥാനെതിരെ രംഗത്തു വന്നത്. ഇതിന‍്റെ അടിസ്ഥാനത്തില്‍ 2018 ജൂണില്‍ പാകിസ്ഥാനെതിരെ നടപടി സ്വീകരിച്ച എഫ്‌എടിഎഫ് തീവ്രവാദ പ്രവര്‍ത്തനങ്ങളെ അമര്‍ച്ച ചെയ്യുന്നതിനായി 27 നിര്‍ദേശങ്ങളും അവര്‍ക്ക് നല്‍കിയിരുന്നു. ഇവ കൃത്യമായി പിന്‍തുടര്‍ന്നുവെന്ന് രാജ്യന്തര സമൂഹത്തെ ബോധിപ്പിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ പട്ടികയില്‍ നിന്ന് പാകിസ്ഥാന് ഒഴിവാകാന്‍ സാധിക്കു.
പാരീസില്‍ ചേരുന്ന എഫ്‌എടിഎഫ് യോഗത്തില്‍ പുല്‍വാമ ഭീകരാക്രമണം ഉയര്‍ത്തിക്കാട്ടി പാകിസ്ഥാനെതിരെയുള്ള നടപടികള്‍ കൂടുതല്‍ ശക്തമാക്കണമെന്ന ആവശ്യം ഇന്ത്യ ഉന്നയിക്കും. മൂന്നു ഘട്ടങ്ങളിലായി തീവ്രവാദത്തെ തടയുന്നതിന് സ്വീകരിച്ച നടപടികള്‍ പാകിസ്ഥാന്‍ വിശദീകരിക്കണമെന്നാണ് ചട്ടം. നടപടികള്‍ തൃപ്തികരമല്ലെങ്കില്‍ അടുത്ത വര്‍ഷം ഒക്ടോബര്‍ മുതല്‍ പാകിസ്ഥാന്റെ സ്ഥാനം കരിമ്പട്ടികയിലേക്ക് മാറും.അതേസമയം, പാക്കിസ്ഥാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ കസ്റ്റംസ് തീരുവ ഇന്ത്യ വര്‍ധിപ്പിച്ചു. 200 ശതമാനമാണ് തീരുവ വര്‍ധിപ്പിച്ചത്.
നേരത്തെ, ആക്രമണത്തിനു പിന്നാലെ പാക്കിസ്താന്‍റെ സൗഹൃദരാഷ്ട്ര പദവി ഇന്ത്യ റദ്ദാക്കിയിരുന്നു. കോട്ടണ്‍, രാസവസ്തുക്കള്‍, പ്ലാസ്റ്റിക് തുടങ്ങിയവയാണ് ഇന്ത്യ പാക്കിസ്ഥാനില്‍ നിന്ന് പ്രധാനമായും ഇറക്കുമതി ചെയ്യുന്നത്. സൗഹൃദ രാഷ്ട്ര പദവി റദ്ദാക്കിയതിന് പിന്നാലെ വാണിജ്യരംഗത്തും പാകിസ്ഥാന് തിരിച്ചടികള്‍ നല്‍കിയിരിക്കുകയാണ് ഇന്ത്യ. പാകിസ്ഥാനില്‍ ഇന്ന് ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്ന എല്ലാ ഉല്‍പ്പന്നങ്ങളുടെയും കസ്റ്റംസ് തീരുവ 200 ശതമാനമാക്കി ഉയര്‍ത്തി. പഴങ്ങള്‍, സിമന്‍റ്, പെട്രോളിയം ഉത്പന്നങ്ങള്‍, ധാതുക്കള്‍, തുകല്‍ എന്നിങ്ങനെ നിരവധി ഉല്‍പ്പന്നങ്ങളാണ് പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് കയറ്റി അയയ്ക്കുന്നത്.
3482 കോടിയുടെ ഉല്പന്നങ്ങളാണ് 2017-18ല്‍ കയറ്റുമതി ചെയ്തിരുന്നത്. കസ്റ്റംസ് തീരുവ വര്‍ദ്ധിപ്പിച്ചതോടെ പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ഈ ഉല്‍പ്പന്നങ്ങളുടെ വരവ് മന്ദഗതിയില്‍ ആകും.കൂടാതെ ഇന്ത്യ നൽകുന്ന വെള്ളത്തിന്റെ കാര്യത്തിലും തീരുമാനമുണ്ടാകുമെന്നാണ് സൂചന. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്ക പാകിസ്ഥാന് വാഗ്ദാനം ചെയ്തിരുന്ന സാമ്പത്തിക സഹായം പിൻവലിച്ചതായാണ് സൂചന. കൂടാതെ സൗദി കിരീടാവകാശിയുടെ സന്ദർശനം നീട്ടി വെച്ചതോടെ അവിടെ നിന്ന് ലഭിക്കേണ്ടിയിരുന്ന സാമ്പത്തിക സഹായത്തിന്റെ കാര്യത്തിലും പാകിസ്ഥാന് ആശങ്കയായി.
Post Your Comments