ന്യൂഡല്‍ഹി :പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് കൈത്താങ്ങായി കേന്ദ്രസര്‍ക്കാറിന്റെ ‘ഭാരത് കെ വീര്‍’ വെബ്സൈറ്റ് . ലോകത്തിന്റെ നാനാഭാഗത്തുനിന്നുമായി മണിക്കൂറുകള്‍ക്കുള്ളില്‍ ഒഴുകിയെത്തിയത് കോടികളാണ്.
വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബങ്ങള്‍ക്കായി പൊതുജനങ്ങളില്‍ നിന്ന് സഹായം സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച ഓണ്‍ലൈന്‍ സംവിധാനത്തിനാണ് മികച്ച പ്രതികരണം ലഭിച്ചത്. കേന്ദ്ര ആഭ്യന്തര വകുപ്പ് രൂപീകരിച്ച ‘ഭാരത് കെ വീര്‍’ എന്ന പേരിലുള്ള വെബ്സൈറ്റിലാണ് പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ജനങ്ങള്‍ വലിയ തോതില്‍ സംഭാവനകള്‍ നല്‍കുന്നത്. വെബ്സൈറ്റ് വഴി കഴിഞ്ഞ 36 മണിക്കൂറില്‍ മാത്രം ലഭിച്ചത് ഏഴ് കോടി രൂപയാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.
2017 സെപ്തംബര്‍ 6നായിരുന്നു വിവിധ സുരക്ഷാ ഏജന്‍സികളിലെ കൊല്ലപ്പെടുന്ന ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കുവാനായി ട്രസ്റ്റ് രൂപീകരിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷവും ലഭിക്കാത്ത പ്രതികരണമാണ് ഇപ്പോള്‍ ട്രസ്റ്റിന് ലഭിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. വെബ്സൈറ്റ് വഴി ജനങ്ങള്‍ തങ്ങളുടെ സംഭാവന അര്‍പ്പിക്കാനായി തിക്കിത്തിരക്കുന്നതിനാല്‍ വെബ്സൈറ്റിന്റെ പ്രവര്‍ത്തനം ഇന്നലെ മന്ദഗതിയിലായിരുന്നുവെന്ന് ട്രസ്റ്റ് അംഗങ്ങള്‍ വ്യക്തമാക്കിയിരുന്നു.
കൊല്ലപ്പെട്ട സൈനികരുടെ കുടുംബത്തിന് സഹായമായും കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്തും നിരവധി വ്യക്തികളും മുന്നോട്ട് വന്നിരുന്നു. യുണിയന്‍ ഹോം സെക്രട്ടറി അധ്യക്ഷനായ ട്രസ്റ്റില്‍ ബോളിവുഡ് താരം അക്ഷയ് കുമാര്‍, മുന്‍ ബാഡ്മിന്റന്‍ താരവും പരിശീലകനുമായ പുല്ലേല ഗോപിചന്ദ് എന്നിവരടക്കം ആറ് അംഗങ്ങളാണുള്ളത്.
Post Your Comments