കൊച്ചി: പുല്‍വാമ ചാവേറാക്രമണത്തിന് പകരം വീട്ടാന്‍ പാകിസ്താനെ ആക്രമിക്കുകയെന്നത് ബുദ്ധിഭ്രമം സംഭവിച്ചവന്റെ ആശയമാണെന്ന് മുന്‍ സുപ്രീം കോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. കശ്മീരിലെ സാധാരണ മനുഷ്യരുടെ കൂട്ടക്കൊലയില്‍ അവസാനിക്കുമെന്ന് താന്‍ പേടിക്കുന്നതായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ആക്രമണം നടത്തിയവരെയൊ അവരുടെ പിന്നിലുള്ളവരെയോ കണ്ടെത്താന്‍ കഴിയാത്തപ്പോള്‍, പാകിസ്ഥാനെ ആക്രമിക്കുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. സര്‍ജിക്കല്‍ സ്ട്രൈക് ഒരിക്കല്‍ മാത്രം ചെയ്യാവുന്ന കാര്യമാണ്. അവര്‍ ഉറങ്ങിക്കിടക്കുമ്പോള്‍ നമുക്കവരെ ആക്രമിക്കാം. പക്ഷേ അവര്‍ ഇപ്പോള്‍ ഉണര്‍ന്നിരിക്കുകയാണ്.
ഇപ്പോള്‍ അത്തരത്തില്‍ ആക്രമിച്ചാല്‍ അതിന് വലിയ വില കൊടുക്കേണ്ടിവരും. പതിറ്റാണ്ടുകളോളം ഇവിടുത്തെ രാഷ്ട്രീയക്കാര്‍ എടുത്ത വിവേകശൂന്യ നിലപാടുകളാണ് കശ്മീരിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം. ഭൂരിപക്ഷം കാശ്മീരികളും ഇന്ത്യയില്‍നിന്ന് അകല്‍ച്ചയിലാണ്. ആക്രമണങ്ങള്‍ നടക്കുമ്പോള്‍ സായുധ സേനകള്‍ ആയുധങ്ങളില്ലാത്ത സാധാരണ ജനങ്ങളെ കീഴ്പ്പെടുത്താനാണ് ശ്രമിക്കുന്നത്. ഒരു തെറ്റും ചെയ്യാത്തവരെ കൊല്ലുന്നു. ആക്രമണത്തില്‍ കൊല്ലപ്പെടുന്നവവുടെ ബന്ധുക്കള്‍ ഇതിന്റെ പേരില്‍ സമരോത്സുകരായി മാറും എന്നതാണ് ഇതിന്റെ പരിണതഫലം.
90 ശതമാനം ഇന്ത്യക്കാരും വിഡ്ഢികളാണ്. ജാതീയത നിറഞ്ഞ ചിന്താഗതിയുള്ളവരാണ്. വിദ്യാസമ്പന്നരായവര്‍ പോലും ദലിതുകളെ മനുഷ്യരായി അംഗീകരിക്കുന്നില്ല.
രണ്ടു കോടി തൊഴിലവസരങ്ങള്‍ സൃഷടിച്ചെന്ന് മോദി അവകാശപ്പെടുന്നു. പക്ഷേ സത്യമെന്താണ്? ബിജെപി ജനങ്ങളെ വര്‍ഗീയമായി ധ്രുവീകരിക്കുകയാണ്. അതിനെ ദേശവിരുദ്ധ പാര്‍ട്ടി എന്നു തന്നെ താന്‍ വിളിക്കുമെന്നും കട്ജു പറഞ്ഞു.
Post Your Comments