തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് തലസ്ഥാന നഗരത്തിലെത്തുന്നവര്‍ക്കായി റെയില്‍വേ പ്രത്യേക ട്രെയിനുകള്‍ അനുവദിച്ചു. പൊങ്കാലയോടനുബന്ധിച്ച് ആറ് പ്രത്യേക ട്രെയിനുകള്‍, പാസഞ്ചര്‍ ട്രെയിനുകളില്‍ അധിക കോച്ചുകള്‍, എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് അധിക സ്റ്റോപ്പുകള്‍ തുടങ്ങിയവയാണ് അനുവദിച്ചത്. കുറ്റകൃത്യങ്ങള്‍ തടയുന്നതിന് കൂടുതല്‍ സംവിധാനങ്ങള്‍, കൂടുതല്‍ ഇന്‍ഫര്‍മേഷന്‍ കൗണ്ടറുകള്‍, വൈദ്യസഹായകേന്ദ്രം, സ്റ്റേഷനുകളില്‍ അധികസുരക്ഷ, ട്രെയിനുകളില്‍ പ്രത്യേക ആര്‍പിഎഫ് എസ്‌കോര്‍ട്ട് തുടങ്ങിയ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് റെയില്‍വേ അറിയിച്ചു. പൊങ്കാലയ്ക്ക് പ്രത്യേക ട്രെയിനുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി ജി സുധാകരന്‍ റെയില്‍വേ മന്ത്രാലയത്തിന് കത്തയച്ചിരുന്നു.
തിരക്ക് കണക്കിലെടുത്ത് 19, 20 തീയതികളില്‍ കൊല്ലം—തിരുവനന്തപുരം റൂട്ടില്‍ പ്രത്യേക ട്രെയിനുകള്‍ സര്‍വീസുകള്‍ നടത്തും. 19ന് കൊല്ലം- തിരുവനന്തപുരം സ്‌പെഷ്യല്‍ ട്രെയിന്‍ പകല്‍ 2.15ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് വൈകിട്ട് 4.30ന് തിരുവനന്തപുരത്ത് എത്തിച്ചേരും. പൊങ്കാല ദിവസമായ 20ന് കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള സ്‌പെഷ്യല്‍ ട്രെയിന്‍ പുലര്‍ച്ചെ നാലിന് പുറപ്പെട്ട് 5.55ന് തിരുവനന്തപുരത്ത് എത്തിച്ചേരും.
പൊങ്കാലയ്ക്കു ശേഷം തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്കുള്ള ആദ്യ സ്‌പെഷ്യല്‍ ട്രെയിന്‍ പകല്‍ രണ്ടിന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് കൊല്ലത്ത് നാലിന് എത്തും. രണ്ടാമത്തെ സ്‌പെഷ്യല്‍ ട്രെയിന്‍ 3.30ന് തിരുവനന്തപുരത്തുനിന്നു പുറപ്പെട്ട് 5.30ന് കൊല്ലത്തെത്തും. മൂന്നാമത്തെ സ്‌പെഷ്യല്‍ ട്രെയിന്‍ 4.15ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് 6.15ന് കൊല്ലത്തെത്തും. തിരുവനന്തപുരം സെന്‍ട്രല്‍, പേട്ട, കൊച്ചുവേളി, വേളി, കഴക്കൂട്ടം, കണിയാപുരം, മുരിക്കുംപുഴ, പെരുങ്ങുഴി, ചിറയിന്‍കീഴ്, കടയ്ക്കാവൂര്‍, അകത്തുമുറി, വര്‍ക്കല, ഇടവ, കാപ്പില്‍, പരവൂര്‍, മയ്യനാട്, ഇരവിപുറം, കൊല്ലം എന്നിവിടങ്ങളില്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പുണ്ടായിരിക്കും.
പൊങ്കാല ദിവസം കൊച്ചുവേളിയില്‍നിന്ന് നാഗര്‍കോവിലേക്കും സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തും. പകല്‍ 4.30ന് കൊച്ചുവേളിയില്‍നിന്ന് പുറപ്പെടുന്ന ട്രെയിനിന് എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. പകല്‍ 11.40ന് പുറപ്പെടുന്ന കൊച്ചുവേളി—നാഗര്‍കോവില്‍ പാസഞ്ചര്‍(56315) പൊങ്കാല ദിവസം പകല്‍ 1.45ന് തിരുവനന്തപുരത്ത് നിന്ന് യാത്ര പുറപ്പെടും. വൈകിട്ട് 5.10ന് പുറപ്പെടുന്ന തിരുവനന്തപുരം- നാഗര്‍കോവില്‍ പാസഞ്ചര്‍ (56315) പൊങ്കാല ദിവസം പകല്‍ മൂന്നിന് (രണ്ട് മണിക്കൂര്‍ 10 മിനിട്ട്) നേരത്തെ യാത്ര പുറപ്പെടും.
19നും 20നും കൊല്ലം–തിരുവനന്തപുരം, തിരുവനന്തപുരം–നാഗര്‍കോവില്‍ റൂട്ടുകളിലെ എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് കൂടുതല്‍ സ്‌റ്റോപ്പുകള്‍ അനുവദിച്ചിട്ടുണ്ട്. നാഗര്‍കോവില്‍—തിരുവനന്തപുരം, തിരുവനന്തപുരം— കൊല്ലം പാതയിലെ എല്ലാ പാസഞ്ചര്‍ ട്രെയിനുകളിലും അധിക കോച്ചുകള്‍ ഘടിപ്പിക്കുമെന്നും റെയില്‍വേ അറിയിച്ചു.
Post Your Comments