KeralaLatest News

നിരവധി ബ്രാഞ്ചുകളുള്ള കുറികമ്പനി പൂട്ടി : നിക്ഷേപകര്‍ക്ക് നല്‍കാനുള്ളത് ലക്ഷങ്ങള്‍

ഇരിങ്ങാലക്കുട: കരുവന്നൂര്‍ തേലപ്പിള്ളി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടി.എന്‍.ടി. ചിറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കുറി ഇടപാടുസ്ഥാപനം പൂട്ടിയതോടെ നിക്ഷേപകര്‍ പ്രതിസന്ധിയിലായി. ജില്ലയ്ക്ക് അകത്തും പുറത്തും നാല്‍പ്പതോളം ബ്രാഞ്ചുകളുള്ള ചിട്ടിസ്ഥാപനമാണ് നിക്ഷേപകരറിയാതെ അടച്ചത്.

വ്യാഴാഴച രാവിലെ പടിയൂര്‍ വളവനങ്ങാടിയിലുള്ള സ്ഥാപനത്തിന്റെ ശാഖയില്‍ എത്തിയ നിക്ഷേപകരാണ് പൂട്ടിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നിക്ഷേപകര്‍ നടത്തിയ അന്വേഷണത്തില്‍ തേലപ്പിള്ളിയിലെ മുഖ്യ ഓഫീസ് അടക്കം മുഴുവന്‍ സ്ഥാപനങ്ങളും പൂട്ടിയ നിലയിലാണെന്ന് ബോധ്യപ്പെട്ടു. ഇതിനെത്തുടര്‍ന്നാണ് നിക്ഷേപകര്‍ പരാതികളുമായി പോലീസിനെ സമീപിച്ചത്.

കാട്ടൂര്‍ പോലീസില്‍ എഴുപതിലേറെ പരാതികള്‍ ലഭിച്ചതായി എസ്.ഐ. സുശാന്ത് പറഞ്ഞു. നോര്‍ത്ത് പറവൂര്‍ സ്വദേശികളാണ് സ്ഥാപനഉടമകളെന്ന് പോലീസ് പറഞ്ഞു. ഇവരെ അന്വേഷിച്ച് നിക്ഷേപകര്‍ പലരും വീട്ടില്‍ ചെന്നെങ്കിലും വീട് പൂട്ടിയിട്ട നിലയിലാണ്. ഉടമകളുടെ ഫോണും ലഭിക്കുന്നില്ലെന്ന് പൊലീസ് പറഞ്ഞു

ജില്ലയിലെ വിവിധ സ്റ്റേഷനുകളിലേക്ക് പരാതികളുമായി നിക്ഷേപകര്‍ എത്തുന്നുണ്ട്. മിക്ക കുറികളും വട്ടമെത്തിയ സമയത്താണ് അപ്രതീക്ഷിതമായി പൂട്ടിയത്.

ചിട്ടി കമ്പനിക്കെതിരേ പരാതിയുമായി നിക്ഷേപകര്‍ കൊരട്ടി പോലീസ് സ്റ്റേഷനിലെത്തി. 25,000 രൂപ മുതല്‍ 15 ലക്ഷം വരെ നിക്ഷേപമുള്ളവരാണ് പരാതിക്കാരായി എത്തിയിട്ടുള്ളത്. 46 പരാതികളാണ് കൊരട്ടി സ്റ്റേഷനില്‍ ലഭിച്ചിട്ടുള്ളതെന്ന് പോലീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button