ബെയ്ജിങ്: 44 ജവാന്മാര്‍ കൊല്ലപ്പെട്ട പുല്‍വാമ ഭീകരാക്രമണത്തിന് ശേഷവും ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തെ ചൈന നിരസിച്ചു.
പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ജെയ്ഷെ മുഹമ്മദ് ഭീകരസംഘടന ഏറ്റെടുത്തിരുന്നു. ലോകരാജ്യങ്ങള്‍ മുഴുവന്‍ ഭീകരാക്രമണത്തെ അപലപിച്ച സാഹചര്യത്തില്‍ ചൈന നിലപാട് മാറ്റിയേക്കുമെന്നായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍, ഭീകരാക്രമണത്തെ അപലപിച്ച ചൈന മസൂദ് അസര്‍ വിഷയത്തില്‍ നിലപാട് മാറ്റുമെന്ന സൂചന നല്‍കാന്‍ തയ്യാറായില്ല. പുല്‍വാമ ഭീകരാക്രമണം നടുക്കുന്നതാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. എല്ലാതരം ഭീകരവാദത്തെയും ചൈന എതിര്‍ക്കുന്നു. വിവിധ രാജ്യങ്ങള്‍ പ്രാദേശികമായി സഹകരിച്ച് ഭീകരവാദം തുടച്ചുനീക്കാനും സമാധാനം കൊണ്ടുവരാനും ശ്രമിക്കണം. എന്നാല്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്ന കാര്യത്തില്‍ ഓരോ സംഘടനയ്ക്കും കൃത്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നടപടിക്രമങ്ങള്‍ പാലിച്ച് ചൈന തുടര്‍ന്നും മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
രക്ഷാസമിതിയില്‍ വീറ്റോ അധികാരമുള്ള ചൈനയാണ് മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന യു.എന്നിലെ ഇന്ത്യയുടെ ആവശ്യത്തിന് നിരന്തരം തടയിടുന്നത്. പാകിസ്താനുമായുള്ള അടുപ്പമാണ് ചൈനയുടെ നീക്കത്തിന് പിന്നിലെന്ന് വിലയിരുത്തപ്പെടുന്നു.
Post Your Comments