![atm mechine](/wp-content/uploads/2019/02/atm-mechine.jpg)
ചെന്നൈ: വെല്ലൂരില്‍ പെട്രോള്‍ പമ്പിലെ പി.ഒ.എസ്. കാര്‍ഡ് യന്ത്രത്തില്‍സ്‌കിമ്മര്‍ ഘടിപ്പിച്ച് പണം തട്ടിയ കേസില്‍ മലയാളിയുള്‍പ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് സ്വദേശി നിഷാദ് (29), പെട്രോള്‍ പമ്പ് ജീവനക്കാരായ അമര്‍നാഥ്, സതീഷ് എന്നിവരാണ് അറസ്റ്റിലായത്.
വെല്ലൂരില്‍ അക്കൗണ്ടുകളില്‍ നിന്ന് പണം നഷ്ടപ്പെടുന്ന കേസുകള്‍ വര്‍ധിച്ചതോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. കാട്പാടി റെയില്‍വേ സ്റ്റേഷന് സമീപമുള്ള പെട്രോള്‍ പമ്പില്‍ നിന്നാണ് വിവരങ്ങള്‍ ചോര്‍ന്നതെന്ന് കണ്ടെത്തിയതോടെ അന്വേഷണം അവിടേക്ക് തിരിക്കുകയായിരുന്നു. തുടര്‍ന്ന് പമ്പില്‍ നടത്തിയ പരിശോധനയില്‍ കാര്‍ഡ് റീഡര്‍ യന്ത്രത്തില്‍ സ്‌കിമ്മര്‍ കണ്ടെത്തി. ചോദ്യം ചെയ്യലില്‍ ജീവനക്കാരനായ അമര്‍നാഥ് കുറ്റം സമ്മതിച്ചു. തുടര്‍ന്നാണ് നിഷാദിന്റെ പങ്ക് വ്യക്തമായത്.
യന്ത്രത്തില്‍ ഘടിപ്പിക്കുന്നതിനുള്ള സ്‌കിമ്മര്‍ സൗദി അറേബ്യയില്‍ നിന്നാണ് നിഷാദ് എത്തിച്ചത്. ഇത് കൂട്ടാളികളായ അമര്‍നാഥിനും സതീഷിനും നല്‍കി. ഇവരാണ് യന്ത്രത്തില്‍ സ്‌കിമ്മര്‍ ഘടിപ്പിച്ചത്. ഉപഭോക്താക്കള്‍ നല്‍കുന്ന കാര്‍ഡുകളില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് ഇവര്‍ കേരളത്തിലുള്ള നിഷാദിന് അയച്ച് നല്‍കിയിരുന്നു. ഈ വിവരങ്ങള്‍ ഉപയോഗിച്ച് നിഷാദാണ് വ്യാജ കാര്‍ഡുകള്‍ നിര്‍മിച്ച് പണം പിന്‍വലിച്ചിരുന്നത്. ഒരു വര്‍ഷത്തോളമായി ഇത്തരത്തില്‍ പ്രതികള്‍ തട്ടിപ്പ് നടത്തിയതായി പോലീസ് പറഞ്ഞു.
Post Your Comments