Latest NewsInternational

നഗരത്തിലിറങ്ങിയത് അന്‍പതിലേറെ ധ്രുവക്കരടികള്‍ ; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് നഗരം

റഷ്യയിലെ വടക്കന്‍ ദ്വീപുകളിലൊന്നായ നൊവായ സെമ്ലിയ എന്ന പ്രദേശത്താണ് അപ്രതീക്ഷിതമായ കാരണത്താല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഒന്നും രണ്ടുമല്ല അന്‍പതിലേറെ ധ്രുവക്കരടികളാണ് കൂട്ടത്തോടെ ഈ റഷ്യന്‍ നഗരത്തിലേക്കെത്തിയത്. ഹിമയുറക്കം അഥവാ ഹൈബര്‍നേഷന്‍ കഴിഞ്ഞ ഉണര്‍ന്ന ഇവ ഭക്ഷണം തേടിയായിരിക്കണം കൂട്ടത്തോടെ ഇങ്ങോട്ടെത്തിയതെന്നാണ് കരുതുന്നത്. കാലാവസ്ഥാ വ്യതിയാനം ധ്രുവക്കരടികളുടെ ജീവിതത്തില്‍ സാരമായ മാറ്റങ്ങളാണു വരുത്തിയിരിക്കുന്നത്. സാധാരണഗതിയില്‍ മാര്‍ച്ച് പകുതിയോടെയാണ് ഹിമക്കരടികള്‍ ഉറക്കം വിട്ടെണീറ്റ് പുറത്തെത്തുന്നത്. എന്നാല്‍ ചൂട് കൂടിയതോടെ ഇവ നേരത്തെ ഉണരാന്‍ തുടങ്ങി. എന്നാല്‍ മാര്‍ച്ചു പകുതിയോടെ മാത്രം ലഭ്യമാകുന്ന ഇരകള്‍ ഇപ്പോള്‍ ഇല്ലാത്തതിനാല്‍ ഇവയെ വിശപ്പ് സാരമായി അലട്ടാനും തുടങ്ങി. ഇതോടെയാണ് ഭക്ഷണം തേടി ഈ ജീവികള്‍ മനുഷ്യവാസമുള്ള പ്രദേശത്തേക്കെത്തിയത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ശൈത്യകാലത്തിന്റെ അവസാനത്തോടെ ധ്രുവക്കരടികള്‍ മനുഷ്യവാസമുള്ള പ്രദേശങ്ങളിലേക്കെത്തുന്ന സംഭവം വര്‍ധിച്ചിരിക്കുകയാണ്.

നൊവായ ദ്വീപിലെ ബെലൂഷിയ ഗുബ എന്ന നഗരമാണ് ധ്രുവക്കരടികള്‍ കൂട്ടത്തോടെ ആക്രമിച്ചത്. നഗരത്തിലും പരിസരപ്രദേശങ്ങളിലും ഇതോടെ ആളുകളോട് അനാവശ്യമായി പുറത്തിറങ്ങരുതെന്ന കര്‍ശന നിര്‍ദേശമാണ് അധികൃതര്‍ നല്‍കിയിരിക്കുന്നത്. ഇവയില്‍ പത്തെണ്ണം നഗരത്തില്‍ സ്ഥിരമായി റോന്തുചുറ്റുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. പല കരടികളും വളര്‍ത്തു പട്ടികളെ ആക്രമിച്ച് കൊന്നു തിന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. മൂന്ന് മാസത്തെ ഉറക്കത്തിനു ശേഷം പുറത്തു വന്ന കരടികള്‍ക്ക് അതികഠിനമായ വിശപ്പാണ് ഉണ്ടാകുക.

ആയിരക്കണത്തിന് ആളുകള്‍ താമസിക്കുന്ന നഗരമാണ് ബെലൂഷിയ ഗൂബ. നഗരത്തിലെ പലരെയും കരടികള്‍ ഇതിനകം ആക്രമിക്കാന്‍ ഓടിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഭൂരിഭാഗം പേരും ഭയം മൂലം കുട്ടികളെ സ്‌കൂളില്‍ അയയ്ക്കുന്നതു പോലും നിര്‍ത്തി വച്ചിരിക്കുകയാണ്. വീടുകളിലും ഓഫീസുകളിലും പോലും കരടികള്‍ കയറിച്ചെന്ന സംഭവങ്ങളുണ്ടായി. ധ്രുവക്കരടികള്‍ സംരക്ഷിത വര്‍ഗമായതിനാല്‍ ഇവയ്‌ക്കെതിരെ ആക്രമണം നടത്തുന്നത് രാജ്യാന്തര തലത്തില്‍ തന്നെ വിമര്‍ശനങ്ങള്‍ വിളിച്ചു വരുത്തും. ഇതിനാലാണ് ഇവയെ മേഖലയില്‍ നിന്ന് ദേഹോപദ്രവം ഏല്‍പ്പിക്കാതെ തന്നെ പറഞ്ഞു വിടുന്നതിനുള്ള ശ്രമം നടത്തുന്നതെന്ന് നഗരത്തിലെ ഡെപ്യൂട്ടി മേയര്‍ അലക്‌സാണ്ടല്‍ മിലായേവ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button