ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ എല്ലാ മണ്ഡലങ്ങളിലും പ്രചാരണം ആരംഭിച്ച് ബിജെപി. സീറ്റ് വിഭജന ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ തന്നെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഘടകകക്ഷികളെ പോലും അമ്പരപ്പിച്ച് സംസ്ഥാനത്തെ മുഴുവന്‍ മണ്ഡലങ്ങളിലും മതിലുകളില്‍ താമര ചിഹ്നം പതിച്ചു. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശാനുസരണമാണ് എന്‍.ഡി.എ. ഘടകകക്ഷികള്‍ അവകാശവാദം ഉന്നയിച്ച മണ്ഡലങ്ങളില്‍ ഉള്‍പ്പെടെ ചുവരെഴുത്തിനായി ഒരുക്കം തുടങ്ങിയിരിക്കുന്നത്.
ബി.ഡി.ജെ.എസിന്റെ രൂപീകരണത്തിന് നേതൃത്വം നല്‍കിയ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, നിലവില്‍ എല്‍.ഡി.എഫ്. അനുകൂല നിലപാടിലാണ്. എസ്.എന്‍.ഡി.പി. യോഗം നേതൃസ്ഥാനത്തുള്ളതിനാല്‍ പാര്‍ട്ടിപ്രസിഡന്റായ മകന്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരരംഗത്തിറങ്ങരുതെന്നും അദ്ദേഹം പരസ്യമായി അഭിപ്രായപ്രകടനം നടത്തിയിരുന്നു. തുഷാര്‍ വെള്ളാപ്പള്ളി ഉള്‍പ്പടെയുള്ള നേതാക്കള്‍ ബിഡിജെഎസില്‍ നിന്ന് മത്സരിക്കണമെന്ന് എന്‍ഡിഎയില്‍ ആവശ്യമുണ്ട്.
എന്നാല്‍ ബിജെപി ഉന്നയിക്കുന്ന മണ്ഡലത്തിൽ തുഷാര്‍ മത്സരിക്കണം എന്ന ആവശ്യത്തോട് പ്രതികരിക്കാനോ അനുകൂല നിലപാട് സ്വീകരിക്കാനോ ഇനിയും ബിഡിജെഎസ് തയ്യാറായിട്ടില്ല. ലഭിക്കുന്ന സീറ്റുകളിലെ സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടി തീരുമാനിക്കുമെന്നു തുഷാര്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയതോടെ ബിജെപി. നേതൃത്വം അസംതൃപ്തിയിലാണ്.
ബി.ഡി.ജെ.എസ്. മത്സരിക്കാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന ആലപ്പുഴ അടക്കമുള്ള മണ്ഡലങ്ങളിലും ബിജെപി. മതിലുകള്‍ സ്വന്തമാക്കി. നഗരത്തിന്റെ വിവിധഭാഗങ്ങളില്‍ താമരചിഹ്നം പതിച്ച് സ്ഥാനാര്‍ത്ഥിയുടെ പേര് രേഖപ്പെടുത്താനുള്ള ഭാഗം ഒഴിച്ചിട്ടിരിക്കുകയാണ്.
Post Your Comments