പരീക്ഷാക്കാലം വരവായി… കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമൊക്കെ ടെന്‍ഷന്‍ കൂടുന്ന കാലമാണിത്. പരീക്ഷാക്കാലത്ത് ഭക്ഷണം കഴിക്കാതെയും ഉറക്കമിളച്ചും പഠിക്കുന്നവരാണ് മിക്ക കുട്ടികളും. എന്നാല്‍ ഈ ശീലം നല്ലതല്ല. പഠനത്തോടൊപ്പം തന്നെ പ്രാധാന്യമേറിയതാണ് ശാരീരിക മാനസിക ആരോഗ്യം. പരീക്ഷാക്കാലത്ത് നന്നായി പഠിക്കുന്നതിനോടൊപ്പം പോഷകമൂല്യങ്ങള്‍ ഏറിയ നല്ല ഭക്ഷണങ്ങള്‍ കഴിക്കൂകയും വേണം. ഇതിനായി പ്രഭാത ഭക്ഷണം മുതല്‍ അത്താഴം വരെ ശ്രദ്ധയോടെ ക്രമീകരിക്കണം.
ഏറ്റവും പോഷകമൂല്യമുള്ള ഭക്ഷണം തന്നെ ഈ സമയത്ത് തിരഞ്ഞെടുക്കണം. ആവിയില്‍ വേവിച്ചെടുത്ത ഭക്ഷണമാണ് ദഹനത്തിന് ഉത്തമം. പാല്‍, മുട്ട, പയര്‍വര്‍ഗങ്ങള്‍ എന്നിവ രക്തത്തിലെ റ്റെറോസിന്റെ ( അമിനോ ആസിഡ്) അളവിനെ വര്‍ദ്ധിപ്പിച്ച് കുട്ടികളുടെ തലച്ചോറിന്റെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുന്നു.
നാല് നേരവും വയറ് നിറച്ച് കഴിക്കാതെ ഇടവിട്ട് പോഷകമൂല്യമുള്ള ലഘുഭക്ഷണങ്ങള്‍ കഴിക്കാം. കുട്ടികള്‍ ധാരാളം വെളളം കുടിക്കുവാനും ശ്രദ്ധിക്കണം. ശരീരത്തില്‍ ജലാംശം കുറയുന്നത് പഠനത്തെ ബാധിക്കാന്‍ സാധ്യതയുണ്ട്. ജലാംശം ധാരാളം അടങ്ങിയ തണ്ണിമത്തന്‍, ഓറഞ്ച്, മധുരനാരങ്ങ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. തിളപ്പിച്ചാറിയ വെള്ളം, നാരങ്ങാ വെള്ളം, പഴച്ചാറുകള്‍, മോര്, കരിക്കിന്‍ വെള്ളം എന്നിവ കുടിക്കണം. പാല്‍, മുട്ട, ഒമേഗ 3 അടങ്ങിയ അയല, മത്തി, ചൂര തുടങ്ങിയ മത്സ്യങ്ങള്‍, പയറു വര്‍ഗങ്ങള്‍ എന്നിവയും ആഹാരത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക.
Post Your Comments