റിയാദ്: സൗദിയിലെ പുരാതന നഗരമായ ‘അല്‍ ഉലാ’ വിനോദ സഞ്ചാര പദ്ധതിക്ക് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് തുടക്കം കുറിച്ചു. അല്‍ ഉലായിലെ പ്രകൃതി സംരക്ഷണ മേഖലയും കിരീടാവകാശി രാജ്യത്തിന് സമര്‍പ്പിച്ചു.
സൗദിയിലെ പുരാതനവും അതിമനോഹരവുമായ സ്ഥലങ്ങളില്‍ ഒന്നാണ് രാജ്യത്തിന്റെ വടക്ക്- പടിഞ്ഞാറു ഭാഗത്തു മദീന ഗവര്‍ണറേറ്റിന് കീഴില്‍ വരുന്ന അല്‍ ഉലാ പ്രദേശം. മധ്യപൂര്‍വ്വദേശത്തെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമായി അല്‍ ഉലയെ മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് അല്‍ ഉലാ വിനോദ സഞ്ചാര പദ്ധതിക്ക് കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് തുടക്കം കുറിച്ചത്. അല്‍ ഉലായിലെ ‘ശര്‍ആനില്‍’ പുതിയതായി സ്ഥാപിച്ച പ്രകൃതി സംരക്ഷ മേഖല കിരീടാവകാശി രാജ്യത്തിന് സമര്‍പ്പിച്ചു. അല്‍ ഉലയില്‍ റോയല്‍ കമ്മീഷന് നടപ്പിലാക്കുന്ന തന്ത്രപ്രധാന പദ്ധതികളുടെ ഭാഗമായാണ് ‘ശര്‍ആന്‍’ പരിസ്ഥിതി സംരക്ഷണ മേഖലയുടെ പ്രഖ്യാപനം. ഈ മേഖലയില്‍ അറേബ്യന്‍ പുള്ളിപ്പുലികളെ സംരക്ഷിക്കുന്നതിനായി ലോകത്തിലെ ഏറ്റവും വലിയ ഗ്ലോബല്‍ ഫണ്ട് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ലോകോത്തര നിലവാരത്തോടു കിടപിടിക്കുന്ന വിധത്തിലുള്ള വന്യമൃഗ സംരക്ഷണ മേഖലയും പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് അല്‍ ഉലാ റോയല്‍ കമ്മീഷന് മേധാവിയും സാംസ്കാരിക മന്ത്രിയുമായ ബദര്‍ ബിന്‍ ഫര്ഹാന് രാജകുമാരന് പറഞ്ഞു. 2035 ഓടെ ഇവിടെ 38,000 ത്തോളം പുതിയ ജോലി സാധ്യതകള്‍ സൃഷ്ടിക്കാനും 120 ബില്യണ്‍ റിയാല്‍ നേടാനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്. ഒപ്പം ഇവിടേക്ക് 2 ദശലക്ഷം വിനോദ സഞ്ചാരികളെ പ്രതിവര്‍ഷം ആകര്‍ഷിക്കാനുമാണ് റോയല്‍ കമ്മീഷന് ലക്ഷ്യമിടുന്നത്.
Post Your Comments