വാലന്‍റൈൻസ് ഡേയ്ക്ക് ഒരു സ്പെഷ്യൽ മധുരപലഹാരം ആയാലോ? ചുവപ്പും വെളുപ്പും നിറങ്ങളിൽ റെഡ് വെൽവെറ്റ് മധുരം തന്നെ ആയിക്കോട്ടെ ഇത്തവണ വാലന്‍റൈൻസ് സ്പെഷ്യൽ. സിംപിൾ ആയി പറഞ്ഞാൽ ‘റെഡ് വെൽവെറ്റ് കേക്ക്’ വേഷം മാറി ക്രെപ്‌സ് ആയി എത്തിയതാണ്. ‘കേക്ക് ദോശ’ എന്നോ ‘ദോശ കേക്കെ’ന്നോ നാടൻ ഭാഷയിൽ വിളിക്കാം.
ആവശ്യമുള്ള സാധനങ്ങൾ:
1. മൈദ/ഓൾ പർപ്പസ് ഫ്ലോർ : ഒന്നര കപ്പ്
2. കൊക്കോ പൗഡർ : 1/2 cup (മധുരമില്ലാത്തത് )
3. പാൽ : ഒരു കപ്പ്
4. മുട്ട : മൂന്നെണ്ണം
5. വെണ്ണ/ ബട്ടർ : 3 ടേബിൾ സ്പൂൺ
6. പഞ്ചസാര : ഒരു കപ്പ്
7. ബേക്കിങ് സോഡ : ഒരു നുള്ള്
8. ഉപ്പ് : ഒരു നുള്ള്
9. വാനിലാ എസ്സെൻസ് : അര ടീസ്പൂൺ
10. ചുവപ്പുനിറത്തിന് നല്ലതുപോലെ അരച്ചെടുത്ത ബീറ്റ്റൂട്ട് പ്യൂരി : അര കപ്പ്
(*ബീറ്റ്‌റൂട്ട് ഉപയോഗിക്കുന്നില്ലെങ്കിൽ റെഡ് ഫൂഡ് കളർ അരക്കപ്പ് വെള്ളത്തിൽ ലയിപ്പിച്ച് ഉപയോഗിക്കാവുന്നതാണ്. ആർട്ടിഫിഷ്യൽ കളർ ഉപയോഗിക്കാൻ താത്പര്യമില്ലെങ്കിൽ ബീറ്റ്‌റൂട്ട് ഉപയോഗിക്കാം. പക്ഷെ ചെറിയൊരു ബീറ്റ്‌റൂട്ട് രുചികൂടെ സഹിക്കാൻ തയാറാകണം എന്നുമാത്രം.)
ഫില്ലിങ്ങിന് ആവശ്യമായ സാധനങ്ങൾ:
1. ക്രീം ചീസ് : 8 ഔൺസ്
(*ക്രീം ചീസിനു പകരം ഫ്രഷ് ക്രീം കൊണ്ടുള്ള ഫില്ലിങ്ങും വേണമെങ്കിൽ ഉപയോഗിക്കാം)
2. പഞ്ചസാര : കാൽ കപ്പ്
3. വാനിലാ എസൻസ് : കാൽ ടീസ്പൂൺ (*ആവശ്യമെങ്കിൽ മാത്രം)
ഗാർണിഷിങ്ങിന് വേണ്ടി അല്പം ചൂടുപാലിൽ ഉരുക്കിയ ന്യൂടെല്ലയും മാറ്റിവെക്കുക.
സാധാരണ താപനിലയിലുള്ള വെണ്ണ, മുട്ട, പാൽ, ബീറ്റ്റൂട്ട് പ്യൂരി അല്ലെങ്കിൽ വെള്ളത്തിൽ കലർത്തിയ റെഡ് ഫുഡ് കളർ , വാനിലാ എസൻസ് എന്നിവ മിക്സിയിലോ ഇലക്ട്രിക് വിസ്‌ക് കൊണ്ടോ നന്നായി ബീറ്റ് ചെയ്തു വെക്കുക.
മൈദ, കൊക്കോ പൗഡർ, പഞ്ചസാര, ഉപ്പ്, ബേക്കിങ് സോഡ എന്നിവ അരിപ്പയിലൂടെ അരിച്ചു നന്നായി മിക്സ് ചെയ്ത് ‘ഡ്രൈ മിക്സ്’ തയ്യാറാക്കുക. ഇതിലേക്ക് ബീറ്റ് ചെയ്തുവെച്ചിരിക്കുന്ന മിശ്രിതം ചേർത്ത് ഇലക്ട്രിക് മിക്സർ കൊണ്ട് നന്നായി മിക്സ് ചെയ്താൽ ബാറ്റർ റെഡി ആയി. ഈ ബാറ്റർ അരമണിക്കൂർ അടച്ചു വെക്കുക.
ആ സമയത്തു നമുക്ക് ഫില്ലിംഗ് തയ്യാറാക്കാം.സാധാരണ താപനിലയിലുള്ള ക്രീം ചീസ് സോഫ്റ്റ് ആകുന്നതു വരെ ബീറ്റ് ചെയ്തശേഷം അതിലേക്കു പഞ്ചസാരയും വാനില എസന്‍സും ചേർത്ത് ഫിൽ ചെയ്യാൻ ആവശ്യമുള്ള ക്രീമി കൺസിസ്റ്റൻസി ആകുന്നതുവരെ നന്നായി വിസ്‌ക് ചെയ്യുക. ചീസ് ഫില്ലിംഗ് തയ്യാറായിക്കഴിഞ്ഞു.
ചൂടായ പാനിലേക്കു വെണ്ണപുരട്ടിയ ശേഷം തയാറാക്കി വെച്ചിരിക്കുന്ന ബാറ്റർ കുറേശ്ശെ ഒഴിച്ച് മീഡിയം ഹീറ്റിൽ ദോശ ചുടുമ്പോലെ ചുട്ടെടുക്കുക. വേഗം കരിഞ്ഞു പോകാൻ സാധ്യതയുള്ളതിനാൽ ചൂട് അതിനു അനുസരിച്ചു അഡ്ജസ്റ്റ് ചെയ്ത് ചുട്ടെടുത്താൽ നല്ല ചൂടുള്ള ക്രെപ് തയ്യാറായി.
ക്രെപ്സിന്‍റെ ചൂടാറിയ ശേഷം നടുവിലേക്ക് ‘ക്രീം ചീസ് ഫില്ലിംഗ്’ പൈപ്പ് ചെയ്തു റോൾ ചെയ്തെടുത്തശേഷം മുകളിലൂടെ ന്യൂടെല്ല കൊണ്ട് ഗാർണിഷ് ചെയ്ത് വിളമ്പുക..
വാലന്‍റൈൻസ് ഡേ സ്പെഷ്യൽ, ‘റെഡ് വെൽവെറ്റ് ക്രെപ്സ്’ തയാറായികഴിഞ്ഞു..
Post Your Comments