ന്യൂഡൽഹി : പ്രതിരോധ രംഗത്ത് സർക്കാരുകൾ തമ്മിലുള്ള കരാർ ആദ്യമായല്ലെന്ന് ഇന്ത്യൻ വിലപേശൽ സംഘത്തിന്റെ തലവനായിരുന്ന എയർ മാർഷൽ എസ്.ബി.പി സിൻഹ. അമേരിക്കയും റഷ്യയുമായും നേരത്തെ കരാർ ഒപ്പിട്ടിട്ടുണ്ട്. ഫ്രാൻസുമായുള്ളത് മൂന്നാമത്തെ കരാർ ആണ്. ഇതിലൊന്നും ഇങ്ങനെയൊരു വകുപ്പ് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.കമ്പനികളുമായുള്ള കരാർ ഒപ്പിടുമ്പോഴാണ് അഴിമതി വിരുദ്ധ വകുപ്പുകൾ ഉൾപ്പെടുത്തുന്നത്.
ഇടനിലക്കാരും ഏജന്റുമാരും കരാറിൽ അഴിമതി കാണിക്കാൻ സാദ്ധ്യതയുള്ളതിനാലും വാങ്ങുന്ന ആയുധങ്ങൾക്ക് വേണ്ട ഗുണനിലവാരമില്ലാതെ വന്നാൽ അതിനെതിരെ നടപടിയെടുക്കാനുമാണ് ഈ വകുപ്പ് ഉൾപ്പെടുത്തുന്നത്. എന്നാൽ രണ്ട് രാജ്യങ്ങൾ തമ്മിൽ നേരിട്ടുള്ള കരാറിൽ ഇത് ഉൾപ്പെടുത്താറില്ല. സർക്കാരിലെ വകുപ്പുകൾ തമ്മിലുള്ള കുറിപ്പുകൾ സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റി പ്രചരിപ്പിക്കാൻ ശ്രമിക്കുകയാണ്. ഇതൊന്നും വിലപേശലുമായി ബന്ധമുള്ളവയല്ല.
ഇന്ത്യൻ വിലപേശൽ സംഘത്തിന്റെ റിപ്പോർട്ടിൽ ഏഴ് അംഗങ്ങളും അനുകൂലമായി ഒപ്പിട്ടതാണ് . ഒരാൾ പോലും വിരുദ്ധാഭിപ്രായം രേഖപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.നേരത്തെ പ്രതിരോധ മന്ത്രിയുടെ കുറിപ്പ് എഡിറ്റ് ചെയ്തു മാറ്റി രേഖ പ്രസിദ്ധപ്പെടുത്തിയ ദേശീയ മാദ്ധ്യമമാണ് പുതിയ ആരോപണവുമായി രംഗത്തെത്തിയത്. ഡിഫൻസ് പ്രൊക്യുർമെന്റ് പ്രൊസീജിയർ അനുസരിച്ച് സർക്കാരുകൾ തമ്മിലുള്ള കരാറിൽ സുഹൃദ് രാജ്യമാണെങ്കിൽ ഡി.പി.പിയിലെ എല്ലാ വകുപ്പുകളും കൃത്യമായി പിന്തുടരണമെന്നില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇത് മന:പൂർവ്വം മറച്ചു വെച്ചാണ് പ്രചാരണമെന്നും അദ്ദേഹം പറഞ്ഞു. .
Post Your Comments