കോഴിക്കോട്: പാര്‍ലമെന്ററി സംവിധാനമാണ് രാജ്യത്തിന്റെ വളര്‍ച്ചയെ തടയുന്നതെന്ന് മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു പറഞ്ഞു. അതുകൊണ്ട് നമ്മള്‍ മറ്റെന്തെങ്കിലും ബദല്‍സംവിധാനം പരീക്ഷിക്കേണ്ടിയിരിക്കുന്നു. ചൈന ലോകത്തിന്റെ സൂപ്പര്‍പവറാണ്. ചൈനയില്‍ പാര്‍ലമെന്ററി സംവിധാനമില്ല. അതുകൊണ്ട് അവര്‍ക്ക് രാമക്ഷേത്രത്തെക്കുറിച്ചും പശുവിനെക്കുറിച്ചും ചിന്തിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കെ.എന്‍.എം. (മര്‍ക്കസു ദഅ് വ) സംസ്ഥാന കമ്മിറ്റി കോഴിക്കോട്ട് സംഘടിപ്പിച്ച കേരള നവോത്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി. രാജ്യവിരുദ്ധപാര്‍ട്ടിയാണെന്ന് നാലരവര്‍ഷത്തെ ഭരണം തെളിയിച്ചു. രാജ്യത്തെ വിഭജിക്കുകയും ധ്രുവീകരണമുണ്ടാക്കുകയും വെറുപ്പ് പരത്തുകയുമാണ് ബി.ജെ.പി. ചെയ്യുന്നത്. രാജ്യത്ത് ഭ്രാന്തന്‍മാരായ ജനതയാണെന്ന് ലോകത്തെക്കൊണ്ട് പരിഹസിപ്പിക്കുകയാണ്. കോണ്‍ഗ്രസും രാജസ്ഥാനിലും മധ്യപ്രദേശിലും ബി.ജെ.പിയുടെ വഴിക്കുതന്നെയാണ് പോവുന്നത്. തൊഴിലില്ലായ്മയും പട്ടിണിയും പോഷകാഹാര പ്രശ്‌നവുമാണ് ഇന്ന് രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. എന്നാല്‍, പശുവും ബീഫും രാമക്ഷേത്രവും പോലുള്ള അപ്രധാനവിഷയങ്ങളാണ് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. രാമക്ഷേത്രം നിര്‍മിച്ചാല്‍ തൊഴിലില്ലായ്മയും ദാരിദ്ര്യവും ഇല്ലാതാവുമോ എന്നും അദ്ദേഹം ചോദിച്ചു.
രണ്ടുകോടി ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുമെന്ന് ഉറപ്പുനല്‍കി അധികാരത്തിലേറിയ മോദി നോട്ടുനിരോധനംകൊണ്ട് രണ്ടുകോടി ആളുകളെ തൊഴില്‍രഹിതരാക്കിയെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments