ന്യൂഡല്‍ഹി : സൗമ്യ വധക്കേസില്‍ സുപ്രീം കോടതി ജഡ്ജിമാരെ വിമര്‍ശിച്ചതിന് മാപ്പ് പറയാന്‍ തയാറാണെന്ന് മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. സൗമ്യ കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയതില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തണം. ജഡ്ജിമാര്‍ വിനയവും എളിമയും സൂക്ഷിക്കണം. ജഡ്ജിമാര്‍ക്കും ചിലപ്പോള്‍ തെറ്റുപറ്റാം. ജഡ്ജി ആയിരുന്ന സമയത്ത് തനിക്കും തെറ്റുപറ്റിയിട്ടുണ്ട്. തെറ്റുകള്‍ പുനഃപരിശോധിക്കുന്നതിലാണ് കോടതികളുടെ വിജയമെന്ന ഫേസ്ബുക് പരാമര്‍ശമാണ് കട്ജുവിനെതിരായ നിയമനടപടിക്ക് കാരണമായത്.
പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ടും കോടതിയലക്ഷ്യ കേസില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സുപ്രീം കോടതി രജിസ്ട്രാര്‍ക്ക് കട്ജു കത്ത് നല്‍കിയെന്നാണ് സൂചന. കേസ് കോടതി നാളെ പരിഗണിക്കുമെന്നറിയുന്നു. എന്നാല്‍, ഇതുസംബന്ധിച്ച് പ്രതികരിക്കാന്‍ കട്ജുവോ രജിസ്ട്രാറോ ഇതുവരെ തയാറായിട്ടില്ല. കേസില്‍ കോടതി സ്വീകരിക്കുന്ന നടപടികള്‍ നേരിടാന്‍ തയാറാണെന്നായിരുന്നു ഇതേക്കുറിച്ച് കട്ജു നേരത്തേ അറിയിച്ചിരുന്നത്. കട്ജുവിന് വേണ്ടി സോളി സൊറാബ്ജി ഹാജരാകുമെന്നും സൂചനയുണ്ടായിരുന്നു. ഇതിനിടയിലാണ് പുതിയ റിപ്പോര്‍ട്ട്.
Post Your Comments