ദമാം : സൗദിയിൽ പ്രവാസി മലയാളിക്ക് നേരെ കവര്‍ച്ചക്കാരുടെ ആക്രമണം. തലയിൽ വാള്‍ കൊണ്ടുള്ള വെട്ടേറ്റു. എറണാകുളം കാഞ്ഞിരമറ്റം സ്വദേശി മുഹമ്മദലിയാണ് ശനിയാഴ്ച പുലര്‍ച്ചെ ശാര റെയിലില്‍ രണ്ടംഗ സംഘത്തിന്റെ ക്രൂര ആക്രമണത്തിന് ഇരയായത്. അമീറ നൂറ ബിന്‍ത് അബ്ദുറഹ്മാന് യൂനിവേഴ്സിറ്റിയില്‍ ഡ്രൈവറായ മുഹമ്മദലി വെള്ളിയാഴ്ച വൈകുന്നേരത്തെ ഡ്യൂട്ടി കഴിഞ്ഞ് പുലര്‍ച്ചെ ഒന്നോടെ ശാര റെയിലിലെ താമസസ്ഥലത്തിന് സമീപം വാഹനം നിറുത്താനൊരുങ്ങുമ്പോഴായിരുന്നു സംഭവം.
വാഹനത്തിന്റെ വിന്‍ഡോ ഗ്ലാസ് ഉയര്‍ത്താതിരുന്നത് വിനയായി. വാഹനം ഒതുക്കിനിറുത്തിനിടയില്‍ മോഷ്ടാക്കളെത്തി രണ്ട് വശങ്ങളിലൂടെ വളയുകയായിരുന്നു. ഡ്രൈവര്‍ സൈഡിലെ വിന്‍ഡോയിലൂടെ വലിയ വാള്‍ നീട്ടി കഴുത്തില്‍ ചേര്‍ത്തുവെച്ചിട്ട് ഇറങ്ങാന്‍ ആവശ്യപ്പെട്ടു. ഇൗ സമയം മറുഭാഗത്തൂടെ മറ്റേയാള്‍ അകത്തുകയറി അടിക്കാനും ഇടിക്കാനും തുടങ്ങി. വലിച്ച് പുറത്തിട്ട ശേഷം ക്രൂരമായ മര്‍ദ്ദനം തുടര്‍ന്നു.
പണം ആവശ്യപ്പെട്ടായിരുന്നു അക്രമം. പണമില്ലെന്ന് പറഞ്ഞപ്പോള്‍ വാള്‍ കൊണ്ട് തലയില്‍ ആഞ്ഞുവെട്ടി. നെറ്റിയുടെ നേരെ മുകളില്‍ വലിയ മുറിവുണ്ടായി. ചോരയില്‍ കുളിച്ച് മുഹമ്മദലി നിലവിളിക്കുന്നതിനിടെ മോഷ്ടാക്കള്‍ വാഹനം തട്ടിയെടുത്ത് ഒാടിച്ചുപോയി. എന്‍ജിന്‍ ഒാഫാക്കിയിരുന്നില്ല. ഇഖാമ, എ.ടി.എം കാര്‍ഡുകള്‍, നാലായിരം റിയാലിെന്റ പെട്രോള്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് എന്നിവയടങ്ങിയ പഴ്സും മൊബൈല്‍ ഫോണും വണ്ടിക്കകത്തായിരുന്നു. പിന്നീട് അടുത്ത ഗല്ലിയില്‍ ഉപേക്ഷിച്ച നിലയില്‍ വാന്‍ കണ്ടെത്തിയപ്പോള്‍ അതില്‍ ഇഖാമയും ഡ്രൈവിങ് ലൈസന്‍സും മാത്രമേയുണ്ടായിരുന്നുള്ളൂ. മുഹമ്മദലി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.
Post Your Comments