KeralaLatest News

സാമൂഹിക സുരക്ഷാ പെന്‍ഷന്‍ : സംസ്ഥാന ധനവകുപ്പ് അനര്‍ഹരാക്കിയവരില്‍ 76 % പേരും അര്‍ഹര്‍ 

തിരുവനന്തപുരം: സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവരില്‍ അനര്‍ഹരെന്ന് കാണിച്ച് ധന വകുപ്പ് പട്ടികയിലുള്‍പ്പെടുത്തിയവരില്‍ 76 ശതമാനം പേരും അര്‍ഹതയുള്ളവരാണെന്ന് തിരുത്തി സര്‍ക്കാര്‍. അനര്‍ഹരായി കണ്ടെത്തിയ 66,637 പേരില്‍ 51,195 പേരും അര്‍ഹരായിരുന്നുവെന്നാണു പരിശോധനയില്‍ തെളിഞ്ഞത്. അനര്‍ഹരെന്നു ചൂണ്ടിക്കാട്ടിയവരുടെ പെന്‍ഷന്‍ പിഴവു ബോധ്യപ്പെട്ടതോടെ ഇത് പുനഃസ്ഥാപിച്ചു.

പെന്‍ഷന്‍ പട്ടികയിലെ അനര്‍ഹരെ കണ്ടെത്താന്‍ തദ്ദേശഭരണ, മോട്ടോര്‍ വാഹന, ഭക്ഷ്യ വകുപ്പുകളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ച് ഒത്തുനോക്കിയ ഡിജിറ്റല്‍ സംവിധാനം പിഴവു നിറഞ്ഞതായിരുന്നുവെന്ന് ഇതോടെ വ്യക്തമായി. മന്ത്രി എസി മൊയ്തീനാണ് കഴിഞ്ഞ ദിവസം നിയമസഭയില്‍ ഇതിന്റെ കണക്ക് രേഖാമൂലം അവതരിപ്പിച്ചത്.

1000 സിസിയില്‍ കൂടുതല്‍ എന്‍ജിന്‍ ശേഷിയുള്ള വാഹനങ്ങളുടെ ഉടമകളെയും മരണ റജിസ്‌ട്രേഷന്‍ ഡേറ്റാബേസില്‍ ഉള്‍പ്പെട്ടവരെയുമാണ് അനര്‍ഹരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍, അപാകത കണ്ടെത്തിയതോടെ ആദ്യ ഘട്ടത്തില്‍ തന്നെ 4,617 പേരെ ഒഴിവാക്കിയിരുന്നു. നിലവില്‍ 45.01 ലക്ഷം പേരാണു സംസ്ഥാനത്തു ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നത്.

അനര്‍ഹരുടെ പട്ടികയില്‍ അര്‍ഹതയുള്ളവരും കടന്നുകൂടിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് പുനഃപരിശോധിക്കാന്‍ കഴിഞ്ഞ സെപ്റ്റംബറിലാണു സര്‍ക്കാര്‍ നിര്‍ദേശിച്ചത്. തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ പട്ടികയിലുള്ളവരുടെ വീടുകളില്‍ നേരിട്ടെത്തി പരിശോധിച്ചു രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനായിരുന്നു നിര്‍ദേശം. അര്‍ഹരെന്നു തെളിഞ്ഞാല്‍ നാല് മാസത്തെ പെന്‍ഷന്‍ ഉടന്‍ വിതരണം ചെയ്യാനും നിര്‍ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button