സംസ്ഥാന സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമ്പോഴേക്കും 200 പുതിയ പാലങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും നിലവില്‍ പലതിന്റെയും നിര്‍മാണം അവസാന ഘട്ടത്തിലാണെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. കാസര്‍കോട് ജില്ലയിലെ കിളിയളം – വരഞ്ഞൂര്‍ റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി ഉദ്ഘാടനം കിളിയളത്ത് നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
23.18 കോടി രൂപയാണ് കിളിയളം മുതല്‍ കമ്മാടം വരെയുള്ള ഈ റോഡിനായി മാറ്റി വച്ചിട്ടുള്ളത്. 18 മാസത്തിനുള്ളില്‍ തന്നെ ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി. മുമ്പ് ഒരു സര്‍ക്കാരിന്റെ കാലത്തും കാണാത്ത വികസന പ്രവര്‍ത്തനമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അധികാരമേറ്റതിന് ശേഷം നടന്നുവരുന്നത്. കാസര്‍കോട് ജില്ലയില്‍ ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തില്‍ നടന്നിട്ടുള്ളത്. നിലവില്‍ സംസ്ഥാനത്ത് മലയോരപാതയുടെ നിര്‍മാണം തുടങ്ങിക്കഴിഞ്ഞു. തീരദേശ പാത കൂടി യാഥാര്‍ത്ഥ്യമാകുന്നതോടെ ടൂറിസം മേഖലയെ കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ നമുക്ക് കഴിയും. കൂടാതെ 60,000 കോടി രൂപയാണ് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി വിവിധ പദ്ധതികള്‍ക്കായി വിഭാവനം ചെയ്തിട്ടുള്ളത്. ജില്ലയില്‍ വലിയതോതിലുള്ള വികസനമാണ് നടക്കുന്നതെന്നും നിലവില്‍ നീലേശ്വരം-പള്ളിക്കര മേല്‍പ്പാലത്തിന്റെയും കാഞ്ഞങ്ങാട് റെയില്‍വേ മേല്‍പ്പാലത്തിന്റെയും പ്രാരംഭ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.വികസനമാണ് ഈ സര്‍ക്കാരിന്റെ മുഖ്യ ലക്ഷ്യമെന്നും അദ്ദേഹം മന്ത്രി കൂട്ടിച്ചേര്‍ത്തു.
Post Your Comments