ന്യൂഡൽഹി: കോൺഗ്രസ് അധികാരത്തിലെത്തിയാല്‍ മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന നിയമം റദ്ദാക്കുമെന്ന് മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സുസ്മിത ദേവ്. മുസ്‌ലിം വനിതകളുടെ ശാക്തീകരണത്തിനുതകുന്നതല്ല നിയമം. മുസ്‌ലിം പുരുഷന്‍മാരെ ശിക്ഷിക്കാനുള്ള മോദി സര്‍ക്കാരിന്‍റെ ആയുധം മാത്രമാണ് നിയമമെന്നും സുസ്മിത ദേവ് പറയുകയുണ്ടായി. കോണ്‍ഗ്രസിന്‍റെ ന്യൂനപക്ഷ സെല്‍ സംഘടിപ്പിച്ച കണ്‍വന്‍ഷനില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിദ്ധ്യത്തിലായിരുന്നു സുസ്മിത ദേവ് ഇക്കാര്യം വാഗ്‌ദാനം ചെയ്‌തത്.
അതേസമയം കണ്‍വന്‍ഷനില്‍ നരേന്ദ്രമോദിയേയും ആര്‍എസ്എസിനെയും ശക്തമായ ഭാഷയിൽ രാഹുൽ വിമർശിക്കുകയുണ്ടായി. ബിജെപി കരുതുന്നത് അവര്‍ ഇന്ത്യയേക്കാള്‍ വലുതാണെന്നാണ്. എന്നാല്‍ മൂന്നു മാസത്തിനുള്ളില്‍ രാജ്യമാണ് വലുതെന്ന് ബിജെപി മനസിലാക്കും. ബിജെപിയുടെ മുഖം മോദിയാണെങ്കിലും നാഗ്പൂരില്‍ നിന്ന് റിമോട് കണ്‍ട്രോളിലൂടെ രാജ്യത്തെ നിയന്ത്രിക്കുന്നത് ആര്‍എസ്എസാണെന്നും രാഹുല്‍ ഗാന്ധി പറയുകയുണ്ടായി.
Post Your Comments