ട്രെയിന്‍ യാത്രക്കിടെ ലക്ഷങ്ങള്‍ വിലവരുന്ന ശ്രവണ സഹായി നഷ്ടമായ നിയയ്ക്ക് സഹായമായി കേരള സര്‍ക്കാരിന്റെ സാമൂഹിക സുരക്ഷാ മിഷന്. കണ്ണൂര്‍ പെരളശ്ശേരി സ്വദേശിയായ രാജേഷിന്റെയും അജിതയുടെയും മകളായ നിയശ്രീ എന്ന രണ്ടു വയസുകാരിക്ക് കോക്ലിയര്‍ ഇപ്ലാന്റേഷന്‍ ശസ്ത്രക്രിയയുടെ ഭാഗമായി ലഭിച്ചതാണ് ഈ ഉപകരണം. തുടര്‍ ചികിത്സക്കായി കോഴിക്കോട്ടേയ്ക്കുള്ള യാത്രക്കിടെ ട്രെയിനില്‍വെച്ച് ഇത് നഷ്ടമാകുകയായിരുന്നു.
ഇതേക്കുറിച്ച് സോഷ്യല്‍ മീഡിയയിലും പിന്നീട് മാധ്യമങ്ങളിലും വാര്‍ത്ത വന്നതിനു പിന്നാലെ ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഇടപെട്ടാണ് മറ്റൊരു ഉപകരണം നിയക്ക് നല്‍കിയത്. സാമൂഹിക സുരക്ഷാ മിഷന് വഴി നിയയ്ക്ക് ചേരുന്ന ഉപകരണം ലഭ്യമാക്കാന്‍ ഒരാഴ്ചയിലേറെ സമയമെടുക്കും. അതുവരെ ഉപയോഗിക്കാന്‍ താല്‍ക്കാലിക ഉപകരണമാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. മന്ത്രി നിയശ്രീയുടെ വീട്ടിലെത്തി ഉപകരണം നല്കി.
രജിസ്റ്റര്‍ ചെയ്ത് ഏറെ നാള് കാത്തിരുന്ന ശേഷമാണ് കുട്ടിക്ക് കോക്ലിയര്‍ ഇംപ്ലാന്റേഷന് ശസ്ത്രക്രിയ നടത്തിയത്. പുറത്ത് ഏകദേശം 8 ലക്ഷത്തോളം രൂപ ചെലവു വരുന്ന ശസ്ത്രക്രിയ സൗജന്യമായി ലഭിച്ചു. പകരം ഒരു ഉപകരണം വാങ്ങാന്‍ വര്‍ക്ക്ഷോപ്പ് ജീവനക്കാരനായ രാജേഷിന് കഴിയുമായിരുന്നില്ല. നിയയുടെ ശ്രവണ സഹായി ആര്‍ക്കെങ്കിലും കിട്ടിയിട്ടുണ്ടെങ്കില്‍ തിരിച്ചു തരണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ ക്യാംപെയിനിംഗും ഇതിനിടെ ആരംഭിച്ചിരുന്നു.
Post Your Comments