ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ഇന്ന് ന്യൂസിലന്റിനെ നേരിടും. ആദ്യ മത്സരത്തിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ടീമില്‍ കാര്യമായ അഴിച്ചുപണി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മത്സരം തോറ്റാല്‍ ഇന്ത്യക്ക് പരമ്പര നഷ്ടമാകും, ജയിച്ചാല്‍ പരമ്പരയില്‍ ഒപ്പമെത്താം. രാവിലെ 11.30ന് ഈഡന്‍ പാര്‍ക്കിലാണ് മത്സരം.
ടെസ്റ്റിലും ഏകദിനത്തിലും ഗംഭീര പ്രകടനം തുടരുന്ന ഇന്ത്യയുടെ ടി 20യിലെ പ്രകടനം അത്രമേല്‍ ഗുണമുള്ളതല്ല. പ്രത്യേകിച്ചും ന്യൂസിലന്റിനെതിരെ
ഏകദിനത്തില്‍ 4-1ന് ആധികാരികമായി പരമ്പര നേടിയ ഇന്ത്യന്‍ ടീം ആദ്യ ടി 20യില്‍ തോറ്റത് 80 റണ്‍സിനാണ്. ആദ്യ ടി20യില്‍ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യക്ക് മുന്നില്‍ 220 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ന്യൂസിലന്റ് ഉയര്‍ത്തിയത്. രണ്ടാമത് ബാറ്റു ചെയ്ത ഇന്ത്യ139 റണ്‍സില്‍ ഓള്‍ ഔട്ടാവുകയും ചെയ്തു. ഇതോടെ ട്വന്റി 20യിലെ ഇന്ത്യയുടെ ഏറ്റവും വലിയ തോല്‍വിയെന്ന മാനക്കേടും ഈ ഇന്ത്യന്‍ ടീമിന്റെ പേരിലായി. 2010 മെയ് 7ന് ആസ്ട്രേലിയയോടെ 49 റണ്‍സിന് തോറ്റതായിരുന്നു ഇതിനു മുമ്പത്തെ റണ്‍ അടിസ്ഥാനമാക്കിയുള്ള ഏറ്റവും വലിയ തോല്‍വി.
ട്വന്റി 20യില്‍ രണ്ടാമത് ബാറ്റ് ചെയ്ത് 17 മത്സരങ്ങളിലും, ആദ്യം ബാറ്റു ചെയ്ത് 21 മത്സരങ്ങളിലും ഇന്ത്യ തോറ്റിട്ടുണ്ട്. ഇതുവരെ 111 അന്താരാഷ്ട്ര ടി 20 മത്സരങ്ങള്‍ കളിച്ച ഇന്ത്യ 69 എണ്ണത്തില്‍ ജയിച്ചപ്പോള്‍ 38 എണ്ണത്തില്‍ തോറ്റു. ഒരു മത്സരം സമനിലയിലാവുകയും മൂന്നെണ്ണം ഫലമില്ലാതെ അവസാനിക്കുകയും ചെയ്തു.ടി 20യില്‍ ന്യൂസിലന്റ് തന്നെയാണ് ഇന്ത്യയെ ഏറ്റവും ബുദ്ധിമുട്ടിച്ചിട്ടുള്ള എതിരാളികള്‍. വെറും 25 ശതമാനം മത്സരങ്ങളില്‍ മാത്രമാണ് കിവീസിനെ തോല്‍പിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞിട്ടുള്ളത്.ന്യൂസിലന്റ് നേടിയ 219 റണ്‍സ് ഇന്ത്യ വഴങ്ങിയ എറ്റവും വലിയ രണ്ടാമത്തെ ടി 20 വിജയലക്ഷ്യമായിരുന്നു. 2016ല്‍ വിന്‍ഡീസ് ഇന്ത്യക്കെതിരെ 245/6 റണ്‍സ് നേടിയിട്ടുണ്ട്. 2012ല്‍ ദക്ഷിണാഫ്രിക്കയ്ക്കും 4 വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സ് തന്നെ നേടിയിരുന്നു.
Post Your Comments