പതിനഞ്ച് വര്‍ഷം മുമ്പ് കണ്ണൂരില്‍ നിന്ന് ഉള്ളതെല്ലാം വിറ്റുപെറുക്കി കാസര്‍കോട്ടെ മലയോരപ്രദേശമായ വെള്ളരിക്കുണ്ടിലേക്ക് സ്ഥലം മാറിവരുമ്പോല്‍ ശ്യാംരാജുവിനും ഭാര്യയ്ക്കും പ്രതീക്ഷകള്‍ ഏറെയായിരുന്നു. പള്ളിയില്‍ നിന്നു ലഭിക്കുന്ന തുച്ഛമായ വേതനത്തിലും തന്റെ പ്രയാസങ്ങളെ ഉള്ളിലൊതുക്കി പ്രാര്‍ത്ഥനയ്ക്ക് എത്തുന്നവരുടെ സങ്കടങ്ങളില്‍ പങ്കുചേര്‍ന്നും ദൈവവചനങ്ങള്‍ പകര്‍ന്നു നല്‍കിയും വിശ്വാസികളുടെ കൂടെ നില്‍ക്കുമ്പോളും പ്രതീക്ഷകള്‍ കൈവിടാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. ഇതിനിടയിലാണ് അമ്മ ശ്യാമളയ്ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാകുന്നത്. വിദഗ്ധ പരിശോധനയില്‍ അര്‍ബുദമാണെന്ന് സ്ഥിരീകരിച്ചു. പിന്നെ പണം കണ്ടെത്താനുള്ള നെട്ടോട്ടമായിരുന്നു. ചികിത്സയ്ക്ക് ആവശ്യമായ പണം ലഭിക്കാതെ വന്നപ്പോള്‍ ആകെയുണ്ടായിരുന്ന സമ്പാദ്യമായ വെള്ളരിക്കുണ്ടിലെ വീടും സ്ഥലവും തുച്ഛമായ വിലയ്ക്ക് വിറ്റു. തുടര്‍ന്ന് കയ്യൂര്‍-ചീമേനി പഞ്ചായത്തിലെ എലിക്കോട്ട് പൊയിലെ പാറപ്പുറത്ത് പത്ത് സെന്റ് സ്ഥലം വാങ്ങി ഓലമേഞ്ഞ ഷെഡിലേക്ക് താമസം മാറുകയായിരുന്നു. ഈ ഒറ്റമുറിയില്‍ അഞ്ചുപേരും ദുരിതജീവിതം താണ്ടിയത് എട്ടുവര്‍ഷമായിരുന്നു. നാലു വര്‍ഷം മുമ്പ് അമ്മ ശ്യാമള ഇവരെ വിട്ടു പിരിഞ്ഞു. ഇതിനിടയില്‍ ശ്യാംരാജുവിനും ശ്വാസ സംബന്ധമായ പ്രശ്നങ്ങള്‍ ബാധിച്ചു. പലപ്പോഴും ജോലിക്കും പോകാന്‍പോലും കഴിയാതെ പറക്കമുറ്റാത്ത കുട്ടികളെയും കൊണ്ട് ജീവിതം തള്ളിനീക്കുകയായിരുന്നു. അസുഖം മൂര്‍ച്ഛിക്കുമ്പോള്‍ സുമനസുകളുടെ സഹായത്താല്‍ ഡോക്ടറെ കാണും.
ഇതിനിടയിലാണ് സംസ്ഥാന സര്‍ക്ക ാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ ശ്യാംരാജു ഉള്‍പ്പെടുന്നത്. നാലു ലക്ഷം രൂപ ഇതുവഴി അനുവദിച്ചു കിട്ടി. ആദ്യഘട്ടത്തില്‍ രണ്ടു ലക്ഷം രൂപയാണ് വീടുപണിക്കായി ലഭിച്ചത്. തുക ലഭിച്ചെങ്കിലും തൊഴിലാളികള്‍ക്ക് കൂലി കൊടുക്കേണ്ട തുക കണ്ടെത്താന്‍ ഒരുപാട് വിഷമിച്ച സമയത്താണ് കുടുംബശ്രീ ജില്ലാമിഷന്റെ സഹായം തന്നെ തേടിയെത്തുന്നത് എന്ന് ശ്യാംരാജു പറയുന്നു. ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ ടി ടി സുരേന്ദ്രനും, ഡി പി എം ടി പി ഹരിപ്രസാദും കയ്യൂര്‍-ചീമേനിസി ഡി എസ് ചെയര്‍പേഴ്സണ്‍ ശ്രീലതയുടെയും നേതൃത്വത്തില്‍ വീടുപണിക്കാവശ്യമായ തൊഴിലാളികളെ കുടുംബശ്രീ വഴി കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് വിവിധ അയല്‍ക്കൂട്ടങ്ങളില്‍ നിന്നുമായി 13 അംഗ തൊഴിലാളികളെ കണ്ടെത്തി. ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി മേസ്തിരി കൂടിയായ ശ്രീധരന്‍ ഒപ്പം ചേര്‍ന്നതോടെ വീട്ടുപണി വേഗത്തില്‍ നടത്താന്‍ കഴിഞ്ഞു. ഒടുവില്‍ ഒന്നരമാസംകൊണ്ട് സ്ത്രീ കരുത്തില്‍ ശ്യാംരാജുവിനും കുടുംബത്തിനും വീടൊരുങ്ങി. ലൈഫ് മിഷനൊപ്പം കുടുംബശ്രീ ജില്ലാമിഷന്റെയും 13 സ്ത്രീകളുടെയും നിശ്ചയദാര്‍ഢ്യമാണ് പാറപ്പുറത്തെ ഓലമേഞ്ഞഷെഡില്‍ നിന്നും അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം പൂര്‍ത്തിയാക്കാന്‍ ശ്യാംരാജുവും കുടുംബത്തിനും കഴിഞ്ഞത്.
200 രൂപ ദിവസക്കൂലിയായും ഭക്ഷണത്തിനും യാത്രാചിലവിനുമായി നൂറു രൂപയുമാണ് ഇവര്‍ക്ക് ജില്ലാമിഷന്‍ നല്‍കിയത്. ആറു ലക്ഷം രൂപയാണ് വീട്ടുപണി പൂര്‍ത്തീകരിക്കുന്നതിന് മൊത്തം ചിലവായത്. ലൈഫ് മിഷന്‍ അനുവദിച്ച നാലു ലക്ഷത്തിന് പുറമെ ബാക്കിയുള്ള രണ്ടു ലക്ഷം രൂപ കുടുംബശ്രീ ജില്ലാമിഷന്റെയും മറ്റു സുമനസ്സുകളുടെയും സഹായത്താല്‍ കണ്ടെത്തുകയായിരുന്നു. അധ്വാനിച്ച് ഉണ്ടാക്കിയ സമ്പാദ്യമെല്ലാം ഒരു നിമിഷം കൊണ്ട് കൈവിടേണ്ടി വന്ന അവസ്ഥ ഏതു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഏറെ പ്രയാസകരമാണ്. എട്ടു വര്‍ഷത്തെ കഷ്ടപ്പാടിനൊടുവില്‍ നാളെ അടച്ചുറപ്പുള്ള വീട്ടിലേക്ക് താമസം മാറുമ്പോള്‍ ഒരുപാട് നന്ദിയുണ്ട് ഈ സര്‍ക്കാരിനോടും കുടുംബശ്രീമിഷനോടമെന്നു ശ്യാംരാജു പറഞ്ഞു നിര്‍ത്തുന്നു. നാളെ(9) വൈകീട്ട് നടക്കുന്ന ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനാണ് ശ്യാംരാജുവിന്റെ വീടിന്റെ താക്കോല്‍ ദാനം നിര്‍വഹിക്കുന്നത്.
Post Your Comments