കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരമധ്യത്തിലെ ക്വാര്‍ട്ടേഴ്സില്‍ നിന്നും ലക്ഷങ്ങളുടെ പാന്‍മസാലകളും ലഹരി മിഠായികളും പിടികൂടി. സംഭവത്തില്‍
ഉത്തര്‍ പ്രദേശ് ബനാഫര്‍ സ്വദേശികളായ ദീപക്(23), പ്രമോദ്(37), സൗണ്ടി സ്വദേശി ദീപക്(29) എന്നിവര്‍ പിടിയിലായി. പായ്ക്കിങ് ഉപകരണം സഹിതമാണ് ഇവര്‍ അറസ്റ്റിലായത്. പൊലീസിനു ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് കോട്ടച്ചേരി പെട്രോള്‍ പമ്പിന് പിന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ചാക്കുകളില്‍ നിറച്ച പാക്കറ്റ് പാന്‍ ഉല്‍പന്നങ്ങള്‍, പാന്‍ മസാല ഉണ്ടാക്കാനുള്ള അടയ്ക്ക, പുകയില തുടങ്ങിയ അസംസ്‌കൃത വസ്തുക്കള്‍, ലഹരി മിഠായികള്‍, പാന്‍ മസാല പാക്ക് ചെയ്യുന്നതിനുള്ള ഉപകരണം തുടങ്ങിയവയാണ് പിടികൂടിയത്. ഇതിനു ലക്ഷങ്ങള്‍ വിലമതിക്കും. മാസങ്ങളായി ഈ ക്വാര്‍ട്ടേഴ്സില്‍ ലഹരി ഉല്‍പന്നങ്ങളുടെ വില്‍പന നടന്നുവരുന്നതായാണ് വിവരം. നഗരമധ്യത്തില്‍ ആരുടെയും ശ്രദ്ധയില്‍പെടാത്ത വിധത്തിലാണ് ലഹരി ഉല്‍പന്നങ്ങള്‍ ശേഖരിക്കുകയും പാക്കറ്റുകളിലാക്കി വില്‍പന നടത്തുകയും ചെയ്തിരുന്നത്. കാഞ്ഞങ്ങാട്, നീലേശ്വരം തുടങ്ങിയ നഗരങ്ങളിലെ മിക്ക കടകളിലേക്കും ഇവിടെ നിന്നാണ് മൊത്തമായി പാന്‍ ഉല്‍പന്നങ്ങള്‍ വിതരണം ചെയ്തിരുന്നത്.
Post Your Comments