ന്യൂഡല്‍ഹി: ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും സുപ്രീം കോടതി പരിഗണിച്ചു തുടങ്ങി. പുനഃപരിശോധനാ ഹര്‍ജികള്‍ക്കൊപ്പം റിട്ട് ഹര്‍ജികളുമാണ് പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഭരണഘടന ബെഞ്ചാണ് കേസ് തുറന്ന കോടതിയില്‍ കേള്‍ക്കുന്നത്. എന്‍എസ്‌എസിന്റെ വാദമാണ് ഇപ്പോള്‍ കോടതി കേള്‍ക്കുന്നത്. അഡ്വ. കെ. പരാശരനാണ് കോടതിയില്‍ എന്‍എസ്‌എസിന് വേണ്ടി വാദിക്കുന്നത്. യുവതി പ്രവേശനം അനുവദിച്ച വിധിയിൽ പിഴവുണ്ടെന്നു പരാശരൻ വാദിച്ചു.
എന്താണ് പിഴവെന്ന് ചീഫ് ജസ്റ്റീസ് ചോദിച്ചു.. പ്രധാന വിഷയങ്ങള്‍ കോടതിയുടെ മുന്നില്‍ എത്തിയില്ലെന്നാണ് എന്‍എസ്‌എസ് വാദിക്കുന്നത്. 1955ലെ സുപ്രീംകോടതി വിധി ഉയര്‍ത്തി അഡ്വ. പരാശരന്റെ വാദം. ആചാരങ്ങള്‍ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ടാണ് വാദം. വാദം പുനപ്പരിശോധന ഹര്‍ജിയില്‍ ഒതുങ്ങണമെന്ന് ചീഫ് ജസ്റ്റിസ് വാദം തുടങ്ങും മുൻപ് പറഞ്ഞു.ലോക്‌സഭ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ കോടതി നടപടികള്‍ നിര്‍ണായകമാകും.
യുവതി പ്രവേശനത്തോട് യോജിക്കുന്ന ഭരണഘടന ബെഞ്ചിലെ മൂന്ന് ജഡ്ജിമാര്‍ വിധിയില്‍ ഉറച്ചുനിന്നാല്‍ എല്ലാ ഹര്‍ജികളും തള്ളിപ്പോകും. അതല്ല, കേസ് വിശദമായി വീണ്ടും വാദം കേള്‍ക്കാം എന്ന് കോടതി തീരുമാനിക്കുകയാണെങ്കില്‍ കേസിലെ കക്ഷികള്‍ക്ക് കോടതി നോട്ടീസ് അയക്കും. അതോടെ സെപ്റ്റംബര്‍ 28ലെ വിധിക്ക് സ്റ്റേയാകും.
Post Your Comments