ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന്റെ വാദം തുടങ്ങി. അഡ്വ. രാകേഷ് ദ്വിവേദിയാണ് ബോര്‍ഡിനു വേണ്ടി ഹാജരായിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിനെ പിന്തുണക്കുന്ന നിലപാട് തന്നെയാണ് ദേവസ്വം ബോര്‍ഡിന്റെ വാദത്തിന്റെ ആരംഭത്തില്‍ നിന്നു തന്നെ മനസ്സിലാക്കുന്നത്. ആര്‍ത്തവമില്ലാതെ മനുഷ്യ കുലം തന്നെയില്ലെന്ന് ദ്വിവേദി ബോര്‍ഡിനു വേണ്ടി വാദിച്ചു. എല്ലാവര്‍ക്കും തുല്യാവകാശം എന്നത് വളരെ പ്രധാനപ്പെട്ട വിഷയമാണെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു. ശബരിമല വിധി കൊണ്ടുവന്ന മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടേ മതിയാകൂ. തുല്യത ഇല്ലാത്ത ആചാരങ്ങള്‍ ഭരണഘടനാ വിരുദ്ധം ആണെന്നും ദ്വിവേദി വാദിച്ചു.
ശബരിമല കേസില്‍ പത്തോളം ഹര്‍ജികള്‍ കേട്ടത്തിന് ശേഷമാണ് സുപ്രീം കോടതി എതിര്‍ കക്ഷികളുടെ വാദം കേള്‍ക്കാനാരംഭിച്ചത്. സര്‍ക്കാരിന്റെ വാദമാണ് ഇതില്‍ കോടതി ആദ്യം കേട്ടത്. തുടര്‍ന്ന് കോടതി ഉച്ചഭക്ഷണത്തിനായി പിരിഞ്ഞു. പിന്നീട് രണ്ട് മണിക്ക് ദേവസ്വം ബോര്‍ഡിന്റെ വാദത്തോടെ കേസ് പുനരാരംഭിക്കുകയായിരുന്നു.
യുവതീ പ്രവേശനത്തിന് അനുകൂലമായ നിലപാട് ആണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. വിധി പുന:പരിശോധിക്കേണ്ട സാഹചര്യമില്ലെന്ന് സര്‍ക്കാരിനു വേണ്ടി ജയദീപ് ഗുപ്ത വാദിച്ചു. യുവതീ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധി നിലനില്‍ക്കണം എന്നുതന്നെയാണ് സര്‍ക്കാരിന്റെ വാദം.
പലവാദങ്ങളും കേട്ടില്ല എന്നത് പുന:പരിശോധനയ്ക്ക് കാരണമെല്ലന്നും സര്‍ക്കാര്‍ അറിയിച്ചു. ആചാരം മൗലീകാവകാശങ്ങള്‍ക്ക് മുകളില്‍ അല്ലെന്നുമാണ് സര്‍ക്കാരിന്റെ നിലപാട്. നിലവിലെ പ്രശ്നങ്ങളെല്ലാം തീരുമെന്നും, സമാധാനം തുടരുമെന്നുമാണ് പ്രതീക്ഷയെന്നും സര്‍ക്കാര്‍ അറിയിച്ചു. വിധിക്കാധാരം തുല്യതയാണെന്നും സര്‍ക്കാര്‍ അറിയിച്ചു. ക്ഷേത്ര പ്രവേശനമാണ് ഏറ്റവും വലിയ അവകാശമാണെന്നും സര്‍ക്കാര്‍ വാദിച്ചു.
Post Your Comments