കല്‍പ്പറ്റ: ആദിവാസിപെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത ശേഷം റിമാന്‍ഡിലായ സുല്‍ത്താന്‍ബത്തേരി പഞ്ചായത്ത് മുന്‍പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ ഒഎം ജോര്‍ജ് ഒളിവില്‍ കഴിഞ്ഞത് കര്‍ണ്ണാടകയുടെ വിവിധ ഭാഗങ്ങളില്‍. ജനുവരി 29ന് പീഡനവിവരം പുറത്തറിഞ്ഞ ഉടന്‍ ജോര്‍ജ് ഒളിവില്‍ പോയിരുന്നു. ബത്തേരിയില്‍ നിന്നും കെഎസ്ആര്‍ടിസി ബസ്സില്‍ ഗുണ്ടല്‍പേട്ടയിലേക്ക് ആണ് ഇയാള്‍ രക്ഷപെട്ടത്. തുടര്‍ന്ന് ശ്രീരംഗപട്ടണം, ബാംഗ്ലൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലും ഒളിച്ച് താമസിച്ചു.
ഗുണ്ടല്‍പേട്ടയിലെത്തിയ ജോര്‍ജ്് അവിടെ നിന്നും ശ്രീരംഗപട്ടണത്തേക്ക് പോയിരുന്നു. അവിടെ ഉള്‍പ്രദേശത്തെ ഒരു ലോഡ്ജില്‍ രണ്ട് ദിവസം തങ്ങി. എന്നാല്‍ തിരിച്ചറിയല്‍ കാര്‍ഡ് എടുക്കാത്തതിനാല്‍ രേഖപ്രകാരമായിരുന്നില്ല താമസം. ഇതിനാല്‍ പ്രധാനപ്പെട്ട ലോഡ്ജുകളില്‍ ഒന്നും മുറി കിട്ടാതെയാണ് അവസാനം ഉള്‍പ്രദേശത്തുള്ള ലോഡ്ജില്‍ രേഖയില്ലാതെ താമസിച്ചത്. എന്നാല്‍ പോലീസ് കര്‍ണ്ണാടകയില്‍ അന്വേഷിക്കുന്നുണ്ടെന്ന സംശയത്തെ തുര്‍ന്ന് രണ്ട് ദിവസം മാത്രമാണ് ഇയാള്‍ ശ്രീരംഗപട്ടണത്ത് തങ്ങിയത്.
പിന്നീട് ബാംഗ്ലൂരിലേക്ക് പോയി. ഇവിടെയും തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ ജോര്‍ജിന് പ്രധാന ലോഡ്ജുകളിലും ഹോട്ടലുകളിലും മുറി ലഭിച്ചില്ല. ഇതോടെ ബസ് സ്റ്റാന്‍ഡിലും റെയില്‍വേ സ്റ്റേഷനിലുമാണ് കഴിഞ്ഞത്. തുടര്‍ന്ന് മൈസൂരിലെത്തി പലയിടത്തായി കഴിച്ചുകൂട്ടി. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോഴാണ് തിരികെ എത്തിയത്. മൈസൂരില്‍ നിന്നും ഒരു ലോറിയില്‍ കയറി സുല്‍ത്താന്‍ബത്തേരിയില്‍ തിരിച്ചെത്തുകയായിരുന്നു. ബത്തേരിയിലെ ബന്ധുവീട്ടിലേക്കാണ് ഇയാള്‍ പോയത്. പിന്നീട് ബന്ധുക്കളോടൊപ്പമെത്തിയാണ് ഒ എം ജോര്‍ജ് മാനന്തവാടിയിലെ എസ്എംഎസ് ഡിവൈഎസ്പി കുബേരന്‍ നമ്പൂതിരിക്ക് മുമ്പാകെ കീഴടങ്ങിയത്.
കീഴടങ്ങിയ ശേഷം പ്രതി ജോര്‍ജ് തന്നെയാണ് എല്ലാ കാര്യങ്ങളും പോലീസിനോട് പറഞ്ഞതെന്ന് ഡിവൈഎസ്പി പറഞ്ഞു. പെണ്‍കുട്ടിയുമായി ജോര്‍ജ് നടത്തിയ അശ്ലീലചുവയുള്ള ഫോണ്‍സംഭാഷണം ശാസ്ത്രീയമായി പരിശോധിക്കും. പ്രതിയെ ഒളിവില്‍ കഴിയാന്‍ ആരെങ്കിലും സഹായിച്ചതായി ഇപ്പോള്‍ വിവരമില്ലെന്നും കസ്റ്റഡിയില്‍ വാങ്ങുന്ന മുറക്ക് വിശദമായി ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു. പ്രതിയെ സഹായിച്ചവരുണ്ടെങ്കില്‍ അവര്‍ക്കെതിരെയും നടപടിയുണ്ടാകും.
Post Your Comments