കാട്ടാക്കട: കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്ത റിട്ട.അധ്യാപികയെ ബസില്‍ അപമാനിക്കാന്‍ ശ്രമം. ചോദ്യം ചെയ്തത് ഇഷ്ടപ്പെടാതെ അധ്യാപികയെയും മകനെയും വഴിയില്‍ വലിച്ചിറക്കി മര്‍ദിച്ചു. യാത്രക്കാരായ അമ്മയെയും മകനെയും പെരുവഴിയിലാക്കി ബസ് സ്ഥലം വിട്ടു. അക്രമികളായ വണ്ടന്നൂര്‍ നാല്‍പറതലയ്ക്കല്‍ പുത്തന്‍ വീട്ടില്‍ ശ്രീകുമാരന്‍(48), കോട്ടമുകള്‍ പാല്‍കുന്ന് പ്രശാന്ത് ഭവനില്‍ റസലയ്യന്‍(58)എന്നിവരെ മാറനല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മനോവൈകല്യമുള്ള മകനുമൊത്ത് നെയ്യാറ്റിന്‍കര സ്വദേശിനിയായ റിട്ട അധ്യാപിക ബസില്‍ യാത്ര ചെയ്യുകയായിരുന്നു. പെരുമ്പഴുതൂരിന് സമീപമെത്തിയതോടെ അമ്മയ്ക്ക് അരികിലായി മദ്യപിച്ച് ലക്കുകെട്ട റസലയ്യന്‍ നിലയുറപ്പിച്ചു. ഇയാള്‍ ശല്യം തുടങ്ങിയതോടെ പ്രതികരിച്ചു. വീണ്ടും ഉപദ്രവം തുടങ്ങി.
ഉച്ചത്തില്‍ ശബ്ദിച്ചപ്പോള്‍ കവിളില്‍ അടിച്ചു. കണ്ടു നിന്ന മനോവൈകല്യമുള്ള മകന്‍ പ്രതികരിച്ചതോടെ മകനു നേര്‍ക്കായി പരാക്രമം. ബസ് കോട്ടമുകളെത്തിയപ്പോള്‍ റസലയ്യന്‍ ഇറങ്ങി. ഇറങ്ങുന്നതിനിടെ വീണ്ടും മര്‍ദനം. മകന്റെ ഷര്‍ട്ടിന് പിടിച്ച് വലിച്ചിറക്കി. ഇവിടെയുണ്ടായിരുന്ന ശ്രീകുമാരന്‍ റസലയ്യന്റെ സഹായത്തിനെത്തി. ഇരുവരും ചേര്‍ന്ന് പിന്നെ മര്‍ദിച്ചതായി റിട്ട. അധ്യാപിക പറഞ്ഞു. മകന് മര്‍ദനമേല്‍ക്കുന്നത് തടഞ്ഞ സ്ത്രീയെ മര്‍ദിക്കുന്നതിനിടെ ബസ് ഓടിച്ച് പോയി. പെരുവഴിയിലായ സ്ത്രീയെയും മകനെയും സഹായിക്കാന്‍ ആരും തയാറായില്ല. മകനെ മര്‍ദിക്കുന്നതിനിടെ സ്ത്രീ ഫോണില്‍ പകര്‍ത്തിയ ചിത്രം ഉപയോഗിച്ചാണ് പൊലീസ് പ്രതികളെ കുടുക്കിയത്.
Post Your Comments