തിരുവനന്തപുരം•നായര്‍ സര്‍വ്വീസ് സൊസൈറ്റിയേയും ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരേയും അധിക്ഷേപിച്ചു കൊണ്ട് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ പ്രസ്താവന അധാര്‍മികവും അവസരവാദപരവുമാണെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എം.പി അഭിപ്രായപ്പെട്ടു.
നായര്‍ സര്‍വ്വീസ് സൊസൈറ്റി എക്കാലത്തും നിലപാടുള്ള പ്രസ്ഥാനമാണ്.ആ നിലപാടില്‍ അവര്‍ എല്ലാ കാലത്തും ഉറച്ചു നില്‍ക്കുകയും ചെയ്യും. സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്‍റെ കാലം മുതല്‍ ഉയര്‍ത്തിപ്പിടിച്ച അതേ പാരമ്പര്യത്തിന്‍റെ അടിസ്ഥാനത്തിലാണ് എന്‍.എസ്.എസ് നേതൃത്വവും ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരും ഇപ്പോഴും മുന്നോട്ട് പോകുന്നത്.
എന്‍.എസ്.എസിന്‍റെ ചരിത്രം അറിയാവുന്നവര്‍ക്ക് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ എടുത്തിരിക്കുന്ന നിലപാടുകള്‍ ശരിയാണെന്ന് ബോധ്യമാകും. എന്നാല്‍ സി.പി.എമ്മിന്‍റെ ആജ്ഞാനുവര്‍ത്തിയായി നില്‍ക്കാന്‍ എന്‍.എസ്.എസിനെ കിട്ടില്ലെന്ന് ബോധ്യമായപ്പോഴാണ് എന്‍.എസ്. എസിനും ജനറല്‍ സെക്രട്ടറിക്കുമെതിരെ കോടിയേരി ബാലകൃഷ്ണന്‍ കുതിര കയറുന്നതെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു.
എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിക്ക് നേരെ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന കടന്നാക്രമണങ്ങള്‍ ഭരണം കൈയ്യില്‍ ഉണ്ടെന്നുള്ളതിന്‍റെ അഹങ്കാര മനോഭാവത്തിന്‍റെ ഭാഗമായി മാത്രമേ കാണാന്‍ കഴിയുകയുള്ളൂ. തങ്ങള്‍ അധികാരത്തില്‍ ഇരിക്കുമ്പോള്‍ എല്ലാ സമുദായങ്ങളും അതിന്‍റെ നേതാക്കന്മാരും സി.പി.എമ്മിന്‍റെ മുന്നില്‍ അനുസരണയുള്ളവരായി നില്‍ക്കണമെന്നുള്ള ധാര്‍ഷ്ഠ്യമാണ് സി.പി.എമ്മിന്‍റേത്. അതിന് കിട്ടാത്ത എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയെ അപമാനിക്കാനും അധിക്ഷേപിക്കാനും നടത്തുന്ന ശ്രമങ്ങള്‍ കേരളത്തില്‍ വിലപോകില്ലെന്നും ശബരിമല യുവതി പ്രവേശനത്തില്‍ എന്‍.എസ്.എസ് സ്വീകരിച്ച നിലപാട് ശരിയെന്ന് കാലം തെളിയിക്കുമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി അഭിപ്രായപ്പെട്ടു.
Post Your Comments