കോട്ടയം : ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ ഷര്‍ട്ട് ഊരുന്നതിനെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശം തെറ്റാണെന്ന് എന്‍ എസ് എസ് ജന. സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ക്രൈസ്തവരുടെയും മുസ്ലിങ്ങളുടെയും ആചാരങ്ങളില്‍ ആരും ഇടപെടുന്നില്ല. അവരുടെ ആചാരങ്ങളെ വിമര്‍ശിക്കാന്‍ ശിവഗിരിക്കോ മുഖ്യമന്ത്രിക്കോ ധൈര്യമുണ്ടോയെന്നും സുകുമാരന്‍ നായര്‍ ചോദിച്ചു. മന്നം ജയന്തി ആഘോഷത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കാലാകാലങ്ങളില്‍ നിലനിന്ന് പോകുന്ന ആചാരങ്ങള്‍ മാറ്റിമറിക്കാന്‍ എന്തിനാണ് പറയുന്നത്. ഇത്തരം പ്രസ്താവനകളെ മുഖ്യമന്ത്രി പിന്‍തുണക്കാന്‍ പാടില്ലാത്തതായിരുന്നു. അവരുടെയൊക്കെ ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ഇട്ട് പോകണമെങ്കില്‍ പൊയ്‌ക്കോട്ടെ. ഓരോ ക്ഷേത്രത്തിനും ഓരോ വിശ്വാസം ഉണ്ട്. ഓരോ ക്ഷേത്രങ്ങളുടെയും ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ച് മുന്നോട്ടുപോകാന്‍ ഹൈന്ദവ സമൂഹത്തിന് അവകാശമുണ്ട്.
എത്രയോ കാലം മുമ്പ് മന്നത്ത് പത്മനാഭന്‍ സാമൂഹിക പരിഷ്‌കരം നടത്തിയിട്ടുണ്ട്. നിങ്ങള്‍ തീരുമാനിച്ച് നിങ്ങള്‍ നടപ്പിലാക്കിക്കൊള്ളൂ. ഞങ്ങളുടെ തീരുമാനങ്ങള്‍ ഇങ്ങനെയാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ഉടുപ്പിട്ട് പോകാന്‍ കഴിയുന്നിടത്ത് അങ്ങനെ പോകണം. അല്ലാത്തെ അത് നിര്‍ബന്ധിക്കരുതെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു. ശബരിമലയില്‍ എല്ലാവരും ഉടുപ്പിട്ടാണ് പോകുന്നത്. അത് അവിടുത്തെ രീതി.
ഹിന്ദുവിന് മാത്രം ഈ രാജ്യത്ത് ഒന്നും പറ്റില്ല എന്ന ചിലരുടെ പിടിവാശി അംഗീകരിക്കാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പരിപാടിയിൽ സംബന്ധിച്ചു. ചെന്നിത്തലയെ പരിപാടിയിലേക്ക് ക്ഷണിച്ചത് കോണ്‍ഗ്രസ് നേതാവ് എന്ന നിലയിലല്ലെന്നും ചെന്നിത്തല എന്‍ എസ് എസിന്റെ പുത്രനാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
Post Your Comments