KeralaLatest NewsIndia

അടിസ്ഥാന സൗകര്യത്തിനുള്ള കേന്ദ്ര ഫണ്ടെടുത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ ധൂര്‍ത്ത്

സര്‍ക്കാര്‍ ഡയറിക്ക് 270രൂപയുള്ളപ്പോഴാണ് അതിലും ഉയര്‍ന്ന നിരക്കിലെ ഡയറി അച്ചടി.

തിരുവനന്തപുരം: സര്‍വകലാശാലകളുടെയും കോളേജുകളുടെയും അടിസ്ഥാന സൗകര്യ വികസനത്തിനുള്ള റൂസ (ദേശീയ ഉന്നത വിദ്യാഭ്യാസ ദൗത്യം) ഫണ്ടുപയോഗിച്ച്‌ ഉന്നതവിദ്യാഭ്യാസ വകുപ്പ് ഡയറി അച്ചടിക്കുന്നു. 280രൂപ കരാര്‍ നിരക്കില്‍ 5000 ഡയറിയാണ് അച്ചടിക്കുന്നത്. സെക്രട്ടേറിയറ്റിലെ ഒരു വകുപ്പ് പ്രത്യേകം ഡയറി അച്ചടിക്കുന്നത് അപൂര്‍വമാണ്. സര്‍ക്കാര്‍ ഡയറിക്ക് 270രൂപയുള്ളപ്പോഴാണ് അതിലും ഉയര്‍ന്ന നിരക്കിലെ ഡയറി അച്ചടി.

സര്‍വകലാശാലകള്‍, കോളേജുകള്‍, പോളിടെക്നിക്കുകള്‍ എന്നിവിടങ്ങളിലും വകുപ്പ് അദ്ധ്യക്ഷന്മാര്‍ക്കും ഓഫീസുകള്‍ക്കും നല്‍കാനാണ് ഡയറി അച്ചടിക്കുന്നതെന്നും ഉടന്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ഉഷാടൈറ്റസിനു ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി ഡോ.കെ.ഷെറഫുദ്ദീന്‍ കുറിപ്പു നല്‍കി. മന്ത്രി ജലീലിന്റെ മണ്ഡലത്തില്‍ 1000ഡയറി വിതരണം ചെയ്യണമെന്ന നിര്‍ദ്ദേശവും വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്. അടിസ്ഥാനസൗകര്യ വിസനം, സൗകര്യങ്ങളുടെ മെയിന്റനന്‍സ്, പര്‍ച്ചേസ് എന്നിവയ്ക്ക് മാത്രമേ റൂസ ഫണ്ട് ഉപയോഗിക്കാവൂ എന്നാണ് കേന്ദ്രചട്ടം.

സംസ്ഥാനത്ത് ആദ്യമായാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന് മാത്രമായി മന്ത്രിയെ ലഭിക്കുന്നതെന്നും വകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും ലക്ഷ്യവും ആധികാരികമായി വ്യക്തമാക്കുന്ന ഒരു പ്രസിദ്ധീകരണവും ഉണ്ടായിട്ടില്ലെന്നും ചൂണ്ടിക്കാട്ടി ഡയറി അച്ചടിക്ക് റൂസ ഫണ്ടുപയോഗിക്കാന്‍ മന്ത്രി കെ.ടി.ജലീല്‍ മുഖ്യമന്ത്രിയുടെ അനുമതി തേടിയിരുന്നു.

ഡിസംബര്‍ 25ന് മുഖ്യമന്ത്രി പ്രത്യേക അനുമതി നല്‍കി. കേന്ദ്ര മാനവവിഭവ ശേഷി വകുപ്പില്‍ നിന്ന് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ലഭ്യമാകുന്ന സേവനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തുമെന്നും ഡിസംബര്‍ 18ന് 278-18 എന്ന നമ്പറില്‍ മന്ത്രി ജലീലില്‍ നല്‍കിയ കുറിപ്പിലുണ്ട്. മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചതിന്റെ പിറ്റേന്ന് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ.കെ.ഷെറഫുദ്ദീന്‍ തുടര്‍നടപടികള്‍ ആരംഭിക്കുകയും ചെയ്തു.സര്‍ക്കാര്‍ കോളേജുകള്‍, സ്വയംഭരണ കോളേജുകള്‍, ഗവണ്‍മെന്റ് എയ്ഡഡ് കോളേജുകള്‍ എന്നിവയുടെ അടിസ്ഥാന സൗകര്യവികസനത്തിനും ഗവേഷണ മേഖലയിലെ ഉന്നമനത്തിനുമായി അടുത്തിടെ 44.70കോടി റൂസഫണ്ട് സര്‍ക്കാര്‍ അനുവദിച്ചിരുന്നു.

 9 ഗവണ്‍മെന്റ് കോളേജുകള്‍, 91 ഗവണ്‍മെന്റ് എയ്ഡഡ് കോളേജുകള്‍, 5 സ്വയംഭരണ കോളേജുകള്‍ എന്നിവയ്ക്കായി സംസ്ഥാന വിഹിതമായി 44,70,00,000 രൂപയുടെ ധനസഹായവും കേന്ദ്റ വിഹിതമായി 67,05,00,000 രൂപയുടെ ധനസഹായവും ലഭിക്കേണ്ടതാണ്. 250കോടിയാണ് ഇക്കൊല്ലത്തെ ബഡ്‌ജറ്റില്‍ റൂസയ്ക്കുള്ള വിഹിതം.

വാർത്തയ്ക്ക് കടപ്പാട് :കൗമുദി

 

shortlink

Related Articles

Post Your Comments

Related Articles


Back to top button