ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് വെറും മാസങ്ങള്‍ മാത്രം ശേഷിക്കേ, പശ്ചിമ ബംഗാളിലെ പ്രതിസന്ധികൾ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ശ്രദ്ധയില്‍പ്പെടുത്തി ബിജെപി നേതൃത്വം. പശ്ചിമബംഗാളില്‍ സുതാര്യമായ തിരഞ്ഞെടുപ്പിനായി സൈന്യത്തെ വിന്യസിക്കണമെന്ന് ബിജെപി നേതൃത്വം തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. മുൻ തെരഞ്ഞെടുപ്പുകളിൽ തൃണമൂൽ പ്രവർത്തകരുടെ ഗുണ്ടായിസവും ബൂത്ത് പിടിച്ചടക്കലും വലിയ വിവാദമായിരുന്നു.
പശ്ചിമ ബംഗാള്‍ ഭരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ പിന്തുണയോടെ സംസ്ഥാനത്ത് നടക്കുന്ന സംഭവവികാസങ്ങള്‍ തങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയതായി പ്രതിരോധമന്ത്രി നിര്‍മ്മല സിതരാമന്‍ പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് ജനാധിപത്യത്തില്‍ വിശ്വസിക്കുന്നില്ല എന്നും അവര്‍ പറഞ്ഞു.പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍, മുഖ്താര്‍ അബ്ബാസ് നഖ്വി, ഭുപേന്ദ്ര യാദവ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ സന്ദര്‍ശിച്ച് പരാതി നല്‍കിയത്.
പശ്ചിമബംഗാളിലെ ഭീതികരമായ സ്ഥിതിയെക്കുറിച്ച് വിശദമായി വിലയിരുത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടതായി മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു. കൂടാതെ, സംസ്ഥാന സര്‍ക്കാരിന്‍റെ ഏജന്‍റായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് ജോലികളില്‍നിന്ന് ഒഴിവാക്കണമെന്നും സുതാര്യവുമായ തിരഞ്ഞെടുപ്പിന് സേനയെ നിയോഗിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു.
Post Your Comments