ചെര്‍പ്പുളശ്ശേരി : കൈക്കൂലി വാങ്ങുന്നതിനിടെ ചെര്‍പ്പുളശ്ശേരി നഗരസഭ ഓഫിസിലെ മൂന്നാം ഗ്രേഡ് ഓവര്‍സിയറും ഇടനിലക്കാരനും വിജിലന്‍സ് പിടിയില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ലിജിന്‍ (25), ഇടനിലക്കാരന്‍ കച്ചേരിക്കുന്ന് പാറപ്പുറം വീട്ടില്‍ മുഹമ്മദ് ഷമീര്‍ (34) എന്നിവരാണു 4,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വലയിലായത്. മുഹമ്മദ് ഷമീര്‍ നഗരസഭാ ഉപാധ്യക്ഷന്‍ കെ.കെ.എ.അസീസിന്റെ ഡ്രൈവര്‍ കൂടിയാണ്. ലിജിന്‍ സര്‍വീസില്‍ കയറി 11 മാസം തികഞ്ഞിട്ടില്ല.
ഇന്നലെ വൈകിട്ട് 3.30നു നഗരസഭ ഓഫിസിനു മുന്നില്‍ കാറില്‍ വച്ചു പണം വാങ്ങുമ്പോഴാണ് ഇരുവരും പിടിയിലായത്. ചെര്‍പ്പുളശ്ശേരി പട്ടണത്തില്‍ പ്രവാസിയായ നൗഷാദ് വീടു നിര്‍മിക്കാന്‍ 3 വര്‍ഷം മുന്‍പ് പെര്‍മിറ്റ് നേടിയിരുന്നു. എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടു കാരണം അന്നു വീടു പണി തുടങ്ങാന്‍ സാധിച്ചില്ല. ഈയിടെ അവധിക്കു നാട്ടിലെത്തി കാലാവധി കഴിഞ്ഞ പെര്‍മിറ്റ് പുതുക്കാന്‍ അപേക്ഷ സമര്‍പ്പിച്ചെങ്കിലും നല്‍കിയില്ല. അവധി കഴിഞ്ഞതോടെ നൗഷാദ് വിദേശത്തേക്കു മടങ്ങുകയും പെര്‍മിറ്റ് പുതുക്കാന്‍ ബന്ധുവായ സുനില്‍ സാദത്തിനെ ഏല്‍പ്പിക്കുകയും ചെയ്തു.
ഓവര്‍സിയര്‍ ലിജിനെ ബന്ധു സമീപിച്ചെങ്കിലും ഓരോ കാരണങ്ങള്‍ പറഞ്ഞ് പെര്‍മിറ്റ് പുതുക്കി നല്‍കിയില്ല. തുടര്‍ന്ന് ഇടനിലക്കാരന്‍ വഴി സമീപിച്ചപ്പോള്‍ സ്ഥലം സന്ദര്‍ശിക്കാന്‍ സമ്മതിക്കുകയും കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തു. എന്നാല്‍ 4,000 രൂപ കൈക്കൂലി കിട്ടിയാല്‍ മാത്രമേ പെര്‍മിറ്റ് പുതുക്കി നല്‍കൂ എന്നു ലിജിന്‍ ഇടനിലക്കാരന്‍ വഴി അറിയിച്ചത്രെ. ഈ വിവരം സുനില്‍ സാദത്ത് വിജിലന്‍സില്‍ അറിയിക്കുകയും പാലക്കാട് വിജിലന്‍സ് യൂണിറ്റ് ഡിവൈഎസ്പി കെ.എ.ശശിധരന്റെ നേതൃത്വത്തില്‍ കെണി ഒരുക്കുകയുമായിരുന്നു.
നഗരസഭയിലെ ലിജിന്റെ മുറിയിലും വാടക മുറിയിലും പരിശോധന നടത്തി വിജിലന്‍സ് 11,000 രൂപ കണ്ടെടുത്തു. മുഹമ്മദ് ഷമീറിന്റെ വീട്ടിലും റെയ്ഡ് നടത്തി. വിജിലന്‍സ് സംഘത്തില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍മാരായ മുഹമ്മദ് ഹനീഫ, എം.ശശിധരന്‍, എഎസ്‌എൈ മാരായ സുരേന്ദ്രന്‍, ജയശങ്കര്‍, സന്തോഷ്, സിവില്‍ പൊലീസ് ഓഫിസറായ മനോജ് കുമാര്‍, പ്രമോദ് എന്നിവരും ഉണ്ടായിരുന്നു.
Post Your Comments