NewsIndia

നാല് പതിറ്റാണ്ടിലെ ഉയര്‍ന്ന നിരക്കില്‍ തൊഴിലില്ലായ്മ

 

ഡല്‍ഹി: 45 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണെന്ന് രാജ്യത്തെ തൊഴിലില്ലായ്മയെന്ന് നാഷണല്‍ സാമ്പിള്‍ സര്‍വ്വേ ഓഫീസിന്റെ ആനുകാലിക ലേബര്‍ ഫോഴ്‌സ് സര്‍വ്വേഫലം. 2017-18ലെ കണക്കുകള്‍ പ്രകാരം 6.1 ശതമാനമാണ് രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക്. 1972-73 കാലയളവിന് ശേഷം ആദ്യമായാണ് രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഇത്രയധികം ഉയരുന്നത്.

തൊഴിലില്ലായ്മ സംബന്ധിച്ച് രാജ്യത്ത് ആദ്യമായാണ് ഒരു സര്‍ക്കാര്‍ ഏജന്‍സി സര്‍വ്വേ നടന്നത്. നാഷണല്‍ സാമ്പിള്‍ സര്‍വീസ് ഓഫീസിന്റെ ആദ്യത്തെ കുടുംബ വാര്‍ഷിക സര്‍വേയാണ് പീരിയഡിക്കല്‍ ലേബര്‍ ഫോഴ്‌സ് സര്‍വേ. ജൂലൈ 2017 മുതല്‍ ജൂണ്‍ 2018 വരെയുള്ള വിവരങ്ങളാണ് സര്‍വേയുടെ ഭാഗമായി ശേഖരിച്ചത്. 2016 നവംബറിലെ നോട്ട് നിരോധനത്തിന് ശേഷം ആദ്യത്തെ സാമ്പത്തിക വര്‍ഷമായിരുന്നു 2017-18.

സര്‍വ്വേ, യുവാക്കളിലെ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് കൂടുതല്‍ ഉയര്‍ന്നെന്ന് ചൂണ്ടിക്കാട്ടുന്നു. ഇത് മൊത്തം ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ഉയര്‍ന്നതാണ്. 15 നും 29 നും മധ്യേ പ്രായമുള്ളവരില്‍ തൊഴിലില്ലായ്മ നിരക്ക് 2017-ല്‍ 17.4 ശതമാനമായി വര്‍ധിച്ചു. 2011 ല്‍ ഇത് 5 ശതമാനമായിരുന്നു. ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ നിരക്ക് 2011 ല്‍ 4.8 ശതമാനമായിരുന്നത് 2017-18 ല്‍ 13.6 ശതമാനമായി വര്‍ധിച്ചു.

നഗരപ്രദേശങ്ങളിലെ യുവതി/യുവാക്കള്‍ക്കിടയില്‍ തൊഴിലില്ലായ്മ ഗ്രാമീണ മേഖലയേക്കാള്‍ ഉയര്‍ന്നതാണ്-. 2017-18 ല്‍ പുരുഷന്മാരില്‍ 18.7, സ്ത്രീകളില്‍ 27.2 ശതമാനമാണ് തൊഴിലില്ലായ്മ നിരക്ക്. വിദ്യാസമ്പന്നരായിട്ടുള്ളവരില്‍, 2004-05 ല്‍ ഉണ്ടായിരുന്നതിനേക്കാളും തൊഴില്‍രഹിതര്‍ 2017-18ല്‍ കുടുതലാണ്. ഗ്രാമീണ മേഖലയിലെ വിദ്യാസമ്പന്നരായ സ്ത്രീകളെ സംബന്ധിച്ചിടത്തോളം, തൊഴിലില്ലായ്മ 2004-05, 2011-12 കാലഘട്ടത്തില്‍ 9.7%, 15.2% എന്നിങ്ങനെ ആയിരുന്നെങ്കില്‍, 2017-18 ല്‍ 17.3% ആയി. ഗ്രാമീണ മേഖലയിലെ വിദ്യാസമ്പന്നരായ പുരുഷന്‍മാരില്‍ തൊഴിലില്ലായ്മ 2004-05, 2011-12 കാലഘട്ടത്തില്‍ 3.5%, 4.4% എന്നിങ്ങനെ ആയിരുന്നെങ്കില്‍. 2017-18 ല്‍ 10.5% ആയി.

റിപ്പോര്‍ട്ട് കഴിഞ്ഞമാസം തയ്യാറാക്കിയതാണെങ്കിലും കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറായിരുന്നില്ല. ഇതേതുടര്‍ന്ന് ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമീഷനിലെ രണ്ട് സ്വതന്ത്ര അംഗങ്ങള്‍ രാജിവച്ചിരുന്നു. റിപ്പോര്‍ട്ട് ഇപ്പോഴും പരസ്യപ്പെടുത്തിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button