KeralaLatest News

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അമ്മമാര്‍ ഇന്നു മുതല്‍ സെക്രട്ടേറിയറ്റു പടിക്കല്‍: ആവശ്യങ്ങള്‍ നേടിയെടുക്കുന്നതുവരെ പട്ടിണിസമരം

രാവിലെ 9 മണിക്ക് കവയിത്രി സുഗതകുമാരി ടീച്ചര്‍ സമരം ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുട്ടികളുടെ അമ്മമാര്‍ ഇന്നു മുതല്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങും. അര്‍ഹരായവരെ മുഴുവന്‍ എന്‍ഡോസള്‍ഫാന്‍ ദുരിതാശ്വാസ പട്ടികയില്‍പെടുത്തുക, സുപ്രീം കോടതി വിധി നടപ്പാക്കുക, ദുരിതബാധിതര്‍ക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കുക, കടങ്ങള്‍ എഴുതിത്തള്ളുക, ട്രൈബ്യൂണല്‍ സ്ഥാപിക്കുക, ബഡ്സ് സ്‌കൂളുകള്‍ക്ക് മെച്ചപ്പെട്ട സാഹചര്യമൊരുക്കുക, പുനരധിവാസം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

എന്‍ഡോസള്‍ഫാന്‍ ബാധിതരായ എട്ടുകുട്ടികളും അവരുടെ രക്ഷിതാക്കളും അടക്കം മുപ്പതംഗ സംഘമാണ് തലസ്ഥാനത്ത് സമരത്തിനിറങ്ങുന്നത്. ്പ്രമുഖ സാമൂഹ്യ പ്രവര്‍ത്തക ദയാബായിയാണ് അനിശ്ചിതകാല നിരാഹാരമിരിക്കുന്നത്. അതേസമയം പരമാവധി സഹായം നല്‍കിയെന്നും സമരത്തില്‍ നിന്ന് പിന്‍മാറണമെന്നും ആവശ്യപ്പെട്ട് ഇന്നലെ വൈകിട്ട് റവന്യൂ വകുപ്പ് വാര്‍ത്താക്കുറിപ്പിറക്കിയിരുന്നു. എന്നാല്‍ ആവശ്യങ്ങള്‍ നേടിയെടുക്കും വരെ സമരം തുടരുമെന്നാണ് സമരക്കാരുടെ നിലപാട്.

2016ലാണ് എന്‍ഡോസള്‍ഫാന്‍ ഇരകളുടെ അമ്മമാര്‍ ആദ്യമായി നിരാഹാര സമരം നടത്തിയത്. ഒമ്പത് ദിവസമായിരുന്നു അന്നത്തെ സമരം. കഴിഞ്ഞ വര്‍ഷം മുമ്പ് ഒറ്റ ദിവസത്തെ പട്ടിണി സമരം നടത്തിയിരുന്നു. ആവശ്യങ്ങള്‍ പൂര്‍ണമായി നടപ്പാക്കാന്‍ അധികൃതര്‍ തയാറാവാത്ത സാഹചര്യത്തിലാണ് സമരം വീണ്ടും തുടങ്ങുന്നത്. രാവിലെ 9 മണിക്ക് കവയിത്രി സുഗതകുമാരി ടീച്ചര്‍ സമരം ഉദ്ഘാടനം ചെയ്യും.

എന്നാല്‍ സര്‍ക്കാര്‍ കണക്കിലുള്ള 6212 ദുരിത ബാധിതര്‍ക്കും ധനസഹായമായി ഇതുവരെ 184 കോടി രൂപ ചെലവഴിച്ചെന്ന് വ്യക്തമാക്കി റവന്യൂ വകുപ്പ് വാര്‍ത്താക്കുറിപ്പ് ഇറക്കിയിട്ടുണ്ട്. സുപ്രീം കോടതി വിധി പ്രകാരം ധനസഹായത്തിന്റെ മൂന്ന് ഗഡുക്കളും നല്‍കിയെന്നും, സമരത്തില്‍ നിന്ന് പിന്‍മാറണമെന്നുമാണ് സര്‍ക്കാരിന്റെ ആവശ്യം. അതേസമയം സെക്രട്ടറിയേറ്റ് പടിക്കലെ സമരം ഒത്തുതീര്‍പ്പാക്കുന്നതുവരെ കാസര്‍കോടും സത്യഗ്രഹം നടത്താനാണ് സമരക്കാരുടെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button