ഡൽഹി : പത്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ ഭരണപരമായ അവകാശം സംബന്ധിക്കുന്ന കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും.കേസില്‍ സുപ്രീം കോടതിയുടെ വാദം കേള്‍ക്കല്‍ ഇന്നും തുടരും. ജസ്റ്റിസുമാരായ യു യു ലളിത്, ഇന്ദു മല്‍ഹോത്ര എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
കേസില്‍ പുതിയ അമിക്കസ്ക്യുറീയെ തീരുമാനിക്കുന്ന കാര്യവും സുപ്രീംകോടതി ഇന്ന് പരിശോധിക്കും. ബി നിലവറ തുറക്കുന്ന കാര്യം വാദം പൂര്‍ത്തിയായ ശേഷം തീരുമാനം എടുക്കാമെന്ന് കോടതി ഇന്നലെ അറിയിച്ചിരുന്നു
ക്ഷേത്രം സ്വകാര്യ സ്വത്താണെന്ന മുന്‍ നിലപാട് തിരുവിതാംകൂര്‍ രാജകുടുംബം ഇന്നലെ മാറ്റിയിരുന്നു. ക്ഷേത്രസ്വത്തില്‍ അവകാശമില്ലെന്ന ഹൈക്കോടതി വിധി ചോദ്യംചെയ്ത് രാജകുടുംബം സമര്‍പ്പിച്ചതുള്‍പ്പെടെയുള്ള ഒരുകൂട്ടം ഹർജികളാണ് നിലവില്‍ സുപ്രിംകോടതിയിലുള്ളത്.
ക്ഷേത്രം സ്വകാര്യസ്വത്താണെന്ന് നേരത്തെ കേരളാ ഹൈക്കോടതിയില്‍ സ്വീകരിച്ച നിലപാട് മാറ്റിയതായി രാജകുടുംബം അറിയിക്കുകയായിരുന്നു. ക്ഷേത്രത്തിന്റെ ആസ്തി രാജകുടുംബത്തിന്റെ കുടുംബസ്വത്തോ സ്വകാര്യസ്വത്തോ അല്ലെന്നും പ്രതിഷ്ഠക്ക് അവകാശപ്പെട്ടതാണ് ക്ഷേത്രസ്വത്തെന്നും രാജകുടുംബത്തിനുവേണ്ടി ഹാജരായ കൃഷ്ണന്‍ വേണുഗോപാല്‍ അറിയിച്ചു.
Post Your Comments