ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിയ്ക്കുമെന്ന സൂചനകള്‍ നല്‍കി, അണ്ണാ ഡി.എം.കെ. തെരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാന്‍ താല്‍പര്യമുള്ളവരില്‍ നിന്നും അപേക്ഷ സ്വീകരിച്ചുകൊണ്ടുള്ള പത്രക്കുറിപ്പ്, പാര്‍ട്ടി ഇന്ന് പുറത്തിറക്കി. തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഖ്യമുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് അണ്ണാ ഡി.എം.കെയുടെ തീരുമാനം.
പുതുച്ചേരിയിലെ ഒരു മണ്ഡലം ഉള്‍പ്പെടെ 40 സീറ്റുകളാണ് തമിഴ്‌നാട്ടില്‍ ഉള്ളത്. മുഴുവന്‍ മണ്ഡലങ്ങളിലേയ്ക്കും അപേക്ഷ സമര്‍പ്പിയ്ക്കാനാണ് പത്രക്കുറിപ്പിലെ നിര്‍ദ്ദേശം. ഫെബ്രുവരി നാലു മുതല്‍ പത്തുവരെയാണ് അപേക്ഷ സമര്‍പ്പിയ്ക്കാനുള്ള സമയം. 25,000 രൂപ കെട്ടിവച്ചാല്‍, താല്‍പര്യമുള്ളവര്‍ക്ക് സ്ഥാനാര്‍ഥിയാവാനുള്ള അപേക്ഷ പൂരിപ്പിച്ചു നല്‍കാമെന്ന്, പാര്‍ട്ടി ഉന്നതാധികാര സമിതി അധ്യക്ഷന്‍ ഒ. പനീര്‍ശെല്‍വം, ഉപാധ്യക്ഷന്‍ എടപ്പാടി പളനിസാമി എന്നിവര്‍ ഒപ്പിട്ട കുറിപ്പില്‍ പറയുന്നു.
ബി.ജെ.പിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അണ്ണാ ഡി.എം.കെ, ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുമെന്നായിരുന്നു സൂചനകള്‍. എന്നാല്‍, 40 മണ്ഡലങ്ങളിലേയ്ക്കും അപേക്ഷ ക്ഷണിച്ചത്, ഒറ്റയ്ക്കു മത്സരിയ്ക്കാനുള്ള തീരുമാനത്തിന്റെ ഭാഗമാണെന്ന് വിലയിരുത്തപ്പെടുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും കേന്ദ്രസര്‍ക്കാറിനും എതിരെ, വലിയൊരു വിഭാഗം ജനങ്ങള്‍ തമിഴ്‌നാട്ടില്‍ പ്രതിഷേധവുമായി രംഗത്തുണ്ട്. ഓഖി ദുരന്തം മുതല്‍ ഇങ്ങോട്ട്, കാര്യമായ പരിഗണന കേന്ദ്രത്തില്‍ നിന്നും ലഭിച്ചില്ലെന്നതാണ് പ്രധാന കാരണം. അടുത്തിടെ പ്രധാനമന്ത്രി എത്തിയപ്പോഴൊക്കെ, പ്രതിഷേധവും ശക്തമായിരുന്നു. ഈ സാഹചര്യം കൂടി മുന്നില്‍ കണ്ടായിരിക്കണം, സഖ്യസാധ്യതയെ തള്ളിക്കൊണ്ടുള്ള അണ്ണാ ഡി.എം.കെയുടെ തീരുമാനം.
Post Your Comments