മെല്‍ബണ്‍: വിക്റ്റോറിയയില്‍ കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി കൊടുംചൂടില്‍ പിടഞ്ഞു മരിച്ചത് 2000 വവ്വാലുകള്‍. മെല്‍ബണില്‍നിന്ന് കിഴക്ക് 200 കിലോമീറ്റര്‍ മാറി ഈസ്റ്റ് ഗിപ്പ്സ് ലാന്‍ഡിലാണ് കൊടുംചൂടില്‍ വവ്വാലുകള്‍ വൃക്ഷങ്ങളില്‍ നിന്നും കുഴഞ്ഞുവീണ് മരിച്ചത്. മിച്ചല്‍ നദിക്ക് സമീപമായിരുന്നു ഇവയുടെ ശരീരങ്ങള്‍ വീണുകിടന്നത്. ശക്തമായ കാറ്റുള്ള പ്രദേശമാണ് ഈസ്റ്റ് ഗിപ്പ്സ് ലാന്‍ഡ്. പരിസ്ഥിതി വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ബൈന്സ്ഡെലില് 1513 വവ്വാലുകളാണ് ചൂട് താങ്ങാനാവാതെ ജീവന് വെടിഞ്ഞത്.
ഇതോടെ ഈസ്റ്റ് ഗിപ്പ്സ് ലാന്‍ഡ് മേഖലയില്‍ വവ്വാലുകളുടെ സംഖ്യയില്‍ മൂന്നില്‍ ഒന്നും ഇല്ലാതായിരിക്കുകയാണ്. 60 കിലോമീറ്റര്‍ മാറി മഫ്രയില് ചത്ത വവ്വാലുകളുടെ എണ്ണം 900 ആയി. ഈ പ്രദേശങ്ങളില്‍ കഴിഞ്ഞ വെള്ളിയാഴ്ച രേഖപ്പെടുത്തിയ താപനില 48.5 ആയിരുന്നു. പ്രശ്നം നിയന്ത്രിക്കാന്‍ ബെന്സ്ഡെല്, മഫ്രാ പ്രദേശങ്ങളിലെ വനം വകുപ്പ് അധികൃതര്‍ക്കും മൃഗചികിത്സ വിഭാഗത്തിനും പോലീസിനും കൗണ്‍സിലിനും കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായി പരിസ്ഥിതി വകുപ്പ് അറിയിച്ചു.
Post Your Comments