കുവൈത്ത്: കുവൈത്തില്‍ വിദേശികളുടെ ഇന്‍ഷുറന്‍സ് ഇടപാടുകള്‍ക്കായി ആരോഗ്യമന്ത്രാലയം ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി. എല്ലാ വിസാ കാറ്റഗറികള്‍ക്കും ഉപയോഗപ്പെടുത്താവുന്ന സംവിധാനം ഞായറാഴ്ച മുതല്‍ പ്രാബല്യത്തിലായതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.പുതിയ സംവിധാനത്തില്‍ ഇന്‍ഷുറന്‍സ് ഓഫീസില്‍ പോകാതെ പ്രീമിയം തുക അടക്കാനും ഇന്‍ഷുറന്‍സ് നടപടി പൂര്‍ത്തിയാക്കാനും കഴിയും.
ഇതിനായി ആരോഗ്യമന്ത്രാലയം insonline.moh.gov.kw എന്ന പേരില്‍ പ്രത്യേക വെബ് സൈറ്റില്‍ സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ മേഖലയിലെയും സ്വകാര്യ മേഖലയിലെയും ജീവനക്കാര്‍, ഗാര്‍ഹിക തൊഴിലാളികള്‍, ആശ്രിത വിസയില്‍ താമസിക്കുന്നവര്‍ തുടങ്ങിയ എല്ലാ വിസ കാറ്റഗറികളില്‍ ഉള്ള വിദേശികള്‍ക്കും പുതിയ സംവിധാനം ഉപയോഗപ്പെടുത്താം.
നിലവില്‍ ഔട്‌സോഴ്‌സിങ് കമ്പനിയാണ് വിദേശികളില്‍ നിന്ന് ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം സ്വീകരിക്കുന്നത്. ഇഖാമ പുതുക്കുന്നതിന് മുമ്പ് ആളുകള്‍ ഔട്ട് സോഴ്സിങ് കേന്ദ്രത്തിലെത്തി വരിനിന്നാണ് ഇന്‍ഷുറന്‍സ് നടപടികള്‍ പൂര്‍ത്തിയാക്കുന്നത്. ഇതിനു പകരമായാണ് ആരോഗ്യമന്ത്രാലയം ഓണ്‍ലൈന്‍ ഏകജാലക സംവിധാനം ആരംഭിച്ചത്. മാര്‍ച്ച് ഒന്ന് മുതല്‍ നിലവിലെ പേപ്പര്‍ ഇന്‍ഷുറന്‍സ് രീതി അവസാനിപ്പിച്ച് പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
Post Your Comments