Latest NewsUAE

യുഎഇയിലെ ഉപഭോക്താക്കൾക്ക് നേരിട്ട് ഇൻഷുറൻസ് കമ്പനിയിൽ പണമടയ്ക്കാൻ സൗകര്യം

അബുദാബി : ഇടനിലക്കാരെ ഒഴിവാക്കി യുഎഇയിലെ ഉപഭോക്താക്കൾക്ക് നേരിട്ട് ഇൻഷുറൻസ് കമ്പനിയിൽ പണമടയ്ക്കാൻ സൗകര്യം. പുതിയ നിയന്ത്രണങ്ങൾ ഈ മാസം 15 മുതൽ പ്രാബല്യത്തിൽ വരും.

സെൻട്രൽ ബാങ്ക് ഓഫ് യുഎഇയുടെ നിയമപ്രകാരം പ്രീമിയം ശേഖരിക്കാൻ ബ്രോക്കർമാരെ നേരത്തെ അനുവദിച്ചിരുന്നു. എന്നാൽ പോളിസി ഉടമകൾക്ക് കൂടുതൽ സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നേരിട്ട് പണം അടയ്ക്കാൻ സൗകര്യം ഏർപ്പെടുത്തിയത്. ഇതുമൂലം കാലതാമസവും സാമ്പത്തിക തിരിമറിയും ഒഴിവാക്കാനും പോളിസി ഉടൻ പ്രാബല്യത്തിൽ വരുത്താനും സാധിക്കും.

ക്ലെയിമുകളും പ്രീമിയവും റീഫണ്ടുകളും കമ്പനിയിൽനിന്ന് നേരിട്ട് ഉപഭോക്താവിന് ലഭിക്കും. ഓരോ ഇൻഷുറൻസ് കമ്പനികളുടെയും വെബ്സൈറ്റ് മുഖേന ഇതിന് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. പുതിയ തീരുമാനത്തിലൂടെ പണമൊഴുക്കിന് വേഗം കൂടുന്നതോടെ കമ്പനിയുടെ പ്രവർത്തനം മെച്ചപ്പെടും. ലൈസൻസുള്ള പ്രഫഷനലുകൾ മാത്രമേ ഇൻഷുറൻസ് സേവനത്തിൽ ഏർപ്പെടാവൂ എന്നാണ് മറ്റൊരു നിബന്ധന. ഇതിലൂടെ ഇൻഷുറൻസ് പോളിസി വിതരണം സുതാര്യമാണെന്ന് ഉറപ്പാക്കാം.

പുതിയ ചട്ടപ്രകാരം, വ്യക്തിഗത ഡേറ്റ യുഎഇയിൽ സൂക്ഷിക്കുകയും പരിപാലിക്കുകയും വേണം, സുരക്ഷിതമായ ബാക്കപ്പ് കുറഞ്ഞത് 10 വർഷത്തേക്ക് പ്രത്യേക സ്ഥലത്ത് സൂക്ഷിക്കണമെന്നും നിബന്ധനയുണ്ട്. പുതിയ നടപടി സമയബന്ധിതമായും ആത്മാർഥമായും ജോലി ചെയ്യാൻ ഇൻഷൂറൻസ് ബ്രോക്കർമാരെ പ്രേരിപ്പിക്കും. പണമിടപാട് നേരിട്ട് നടത്തുന്നതോടെ മറ്റു ജോലികളിൽ കൂടുതൽ ശ്രദ്ധിക്കാൻ ബ്രോക്കർക്ക് കഴിയും. ഇതര സ്ഥാപനങ്ങളുമായി സാമ്പത്തിക ക്രമീകരണങ്ങളിൽ ഏർപ്പെടുന്നതിൽനിന്നും ബിസിനസുകൾ റഫർ ചെയ്ത് കമ്മീഷൻ സ്വീകരിക്കുന്നതിൽനിന്നും ബ്രോക്കർമാരെ വിലക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button