തിരികെയെത്തിയ പ്രവാസികൾക്ക് സ്വയം തൊഴിൽ സംരംഭം ആരംഭിക്കുന്നതിന് നോർക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന പ്രവാസി പുനരധിവാസ പദ്ധതിയായ നോർക്ക ഡിപ്പാർട്ട്‌മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്‌സ് (NDPREM) വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി നോർക്ക റൂട്ട്‌സ് ബാങ്ക് ഓഫ് ബറോഡയുമായി ധാരണ പത്രം ഒപ്പ് വച്ചു. നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ. ഹരികൃഷ്ണൻ നമ്പൂതിരിയും ബാങ്ക് ഓഫ് ബറോഡ ഡെപ്യൂട്ടി ജനറൽ മാനേജർ ആർ. ഗായത്രിയും തമ്മിൽ ധാരണാപത്രം കൈമാറി. നോർക്ക റൂട്ട്‌സ് ജനറൽ മാനേജർ ഡി. ജഗദീശ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എൻ. വി. മത്തായി, പ്രോജക്ട് മാനേജരുടെ ചുമതല വഹിക്കുന്ന ഹോം ആതന്റിക്കേഷൻ ഓഫീസർ ഗീതാകുമാരി വി. എസ്, ബാങ്ക് ഓഫ് ബറോഡ സീനിയർ ബ്രാഞ്ച് മാനേജർ ബിജു എ.എസ്, സീനിയർ മാനേജർ എം. സൂരജ്, ജോയിന്റ് മാനേജർ ധനേഷ് എം.എസ് എന്നിവരും സന്നിഹിതരായിരുന്നു.
ഇന്ത്യക്ക് പുറത്ത് 14 രാജ്യങ്ങളിൽ സജീവ സാന്നിധ്യമുള്ള ബാങ്ക് ഓഫ് ബറോഡയ്ക്ക് യു.എ.ഇ യിൽ 15 ഉം, ഒമാൻ ബഹ്‌റൈൻ എന്നിവിടങ്ങളിൽ ഒരു ശാഖയും, കേരളത്തിൽ 110 ശാഖകളും ഉണ്ട്. ധാരണാപത്രം ഒപ്പ് വച്ചതിലൂടെ പ്രവാസി മലയാളികൾക്ക് ഗൾഫ് രാജ്യങ്ങളിൽ പദ്ധതിയുടെ വിശദാംശങ്ങൾ ബാങ്ക് ഓഫ് ബറോഡ ശാഖകളിലൂടെയും ലഭിക്കും.
നിലവിൽ നോർക്ക റൂട്ട്‌സ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യൂണിയൻ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ലിമിറ്റഡ്, പട്ടിക ജാതി പട്ടിക വർഗ്ഗ വികസന കോർപ്പറേഷൻ, കേരള സംസ്ഥാന പ്രവാസി ക്ഷേമ വികസന സഹകരണസംഘം, കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക്എ (KSCARDB)ന്നിവ മുഖാന്തിരം വായ്പ അനുവദിക്കുന്നുണ്ട്. നോർക്ക റൂട്ട്‌സ് വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത അപേക്ഷകരെ മുൻഗണനാക്രമം അനുസരിച്ചാണ് പരിഗണിക്കുന്നത്. അപേക്ഷകർക്ക് വിദഗ്ദ്ധ പരിശീലനവും നൽകും.
30 ലക്ഷം രൂപ വരെ മൂലധനച്ചെലവുളള സംരംഭങ്ങൾക്ക് 15 ശതമാനം മൂലധന സബ്‌സിഡി, പരമാവധി മൂന്ന് ലക്ഷം രൂപ വരെ പദ്ധതിയിൻ കീഴിൽ ലഭിക്കും. ഗഡുക്കൾ കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് ആദ്യ നാലുവർഷം മുന്ന് ശതമാനം പലിശ സബ്‌സിഡി ബാങ്ക് വായ്പയിൽ ക്രമീകരിച്ച് നൽകും.
ഈ സാമ്പത്തിക വർഷം 15 കോടി രൂപ പദ്ധതിയ്ക്കായി അനുവദിച്ചിട്ടുണ്ട്. ഇതു വരെ 687 ഗുണഭോക്താക്കൾക്ക് വിവിധ ധനകാര്യ സ്ഥാപനങ്ങൾ മുഖേന 7.93 കോടി രൂപ സബ്‌സിഡി നൽകിയിട്ടുണ്ട്.
Post Your Comments