തിരുവനന്തപുരം: വനാവകാശ നിയമ പ്രകാരം ആദിവാസികള്‍ക്ക് വനാവകാശ രേഖ വിതരണം ചെയ്യാനുള്ള നടപടികള്‍ ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു.
സബ് ഡിവിഷണല്‍തല കമ്മിറ്റി മുമ്പാകെ 6,092 അപേക്ഷകളും ജില്ലാതല കമ്മിറ്റി മുമ്പാകെ 201 അപേക്ഷകളുമാണ് ഇപ്പോഴുള്ളത്. സബ് ഡിവിഷണല്‍തല കമ്മിറ്റികളും ജില്ലാതല കമ്മിറ്റികളും ചേര്‍ന്ന് മുഴുവന്‍ അപേക്ഷകളും തീര്‍പ്പാക്കി അടുത്ത മാസം രേഖ വിതരണം പൂര്‍ത്തിയാക്കണം.
യോഗത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ ക്ഷേമ മന്ത്രി എം.കെ. ബാലന്, വനം മന്ത്രി കെ. രാജു, റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്, റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്, പട്ടിക-ജാതി-പട്ടികവര്‍ഗ്ഗ ക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണു, പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ പുകഴേന്തി തുടങ്ങിയവര്‍ പങ്കെടുത്തു. ആദിവാസികള്‍ക്കുള്ള ഭൂമി വിതരണത്തിന്റെ പുരോഗതി യോഗം വിലയിരുത്തി.
സംസ്ഥാനത്ത് 11,474 കുടുംബങ്ങള്‍ക്കാണ് ഇനി ഭൂമി നല്‍കാനുള്ളത്. സുപ്രീം കോടതിയുടെ അനുമതി ലഭിച്ച നിക്ഷിപ്ത വനഭൂമിയുടെ വിതരണത്തിനുള്ള നടപടികള്‍ അടുത്ത മാര്‍ച്ചില്‍ പൂര്‍ത്തിയാക്കണമെന്നും യോഗം തീരുമാനിച്ചു.
Post Your Comments