കോട്ടയം: കേരളത്തിലെ ഹിന്ദുസമൂഹത്തിന് മുന്നില്‍ സംഘപരിവാര്‍- ബിജെപി നേതൃത്വം മുന്നോട്ടു വെയ്ക്കുന്ന സവര്‍ണ അജണ്ടകളെ ഹിന്ദു പാര്‍ലമെന്റ് ശക്തിയായി പ്രതിരോധിക്കുമെന്ന് ജനറല്‍ സെക്രട്ടറി സി പി സുഗതന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മതേതരമായും പുരോഗമനപരമായും ചിന്തിക്കുന്ന ഹിന്ദുക്കള്‍ കൂട്ടായ്മ സൃഷ്ടിച്ച് രാഷ്ട്രീയഭേദമന്യേ വരുമ്പോള്‍ നേതൃത്വം ഏറ്റെടുക്കാന്‍ സംഘപരിവാര്‍ ശ്രമിക്കും. നേതൃത്വം സാധ്യമായില്ലെങ്കില്‍ പിന്നെ അവരെ നശിപ്പിക്കാനും നാനാവിധത്തില്‍ അവഹേളിക്കലുമാണ് പതിവ്.
ഹിന്ദുക്കളുടെ മൊത്തക്കച്ചവടം തങ്ങള്‍ക്കാണെന്നാണ് സംഘപരിവാര്‍ വിചാരം. ഈ ധാരണ തിരുത്തിക്കാനും എതിര്‍ത്തു തോല്‍പ്പിക്കാനും ഹിന്ദു പാര്‍ലമെന്റ് മുന്നിലുണ്ടാവും. വരുന്ന തെരഞ്ഞെടുപ്പില്‍ കേരളത്തില്‍നിന്നും അവരെ തുരത്തും. ഹിന്ദുത്വ സര്‍ടിഫിക്കറ്റ് നല്‍കാനുള്ള ചുമതല ആരും സംഘപരിവാറിനെ ഏല്‍പ്പിച്ചിട്ടില്ല. വടക്കേ ഇന്ത്യയില്‍ നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അത് ചൂണ്ടിക്കാട്ടിയാണ് സംഘപരിവാര്‍ വോട്ട് പിടിക്കേണ്ടത്. അതിനു പകരം കേരളത്തില്‍ വിശ്വാസികളെ ചൂഷണം ചെയ്ത് രാഷ്ട്രീയ മുതലെടുപ്പിനാണ് നീക്കം.
കേരളത്തില്‍ വെറും ഏഴ് ശതമാനം ഹിന്ദുക്കളുടെ മാത്രം പിന്തുണയേ സംഘപരിവാറിനുള്ളൂ. സംഘപരിവാര്‍ വിരുദ്ധ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന മഹാഭൂരിപക്ഷം ഹിന്ദുക്കളുടെയും രാഷ്ട്രീയ കാഴ്ചപ്പാടുകളെയും വിശ്വാസ- അവിശ്വാസങ്ങളെയും സംഘപരിവാര്‍ നിരന്തരം അപഹസിക്കുകയും അവരെയെല്ലാം ഹിന്ദു വിരുദ്ധരായി ചിത്രീകരിക്കുകയുമാണ്. സംഘപരിവാര്‍ വിരുദ്ധരെ രണ്ടാം ക്ലാസ് ഹിന്ദുക്കളായും മുദ്രകുത്തുന്നു.
സംഘപരിവാറിതര സ്വതന്ത്ര വിശാലഹിന്ദു സമുദായ സംഘടനകളുടെ ഐക്യമാണ് ഹിന്ദു പാര്‍ലമെന്റ്. ബഹു ഭൂരിപക്ഷം ഹിന്ദു സമുദായ സംഘടനകളും ഇതിലെ അംഗങ്ങളാണ്. യോജിക്കാവുന്ന മേഖലകളില്‍ കൂട്ടായ തീരുമാനമെടുത്ത് മുന്നോട്ടു പോകുന്ന പ്രസ്ഥാനമാണിത്. കൂട്ടായ തീരുമാനപ്രകാരമാണ് നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുമായും വനിതാ മതിലുമായും സഹകരിക്കാന്‍ ഹിന്ദു പാര്‍ലമെന്റ് തീരുമാനിച്ചത്. തുടര്‍ന്നാണ് ഹിന്ദു പാര്‍ലമെന്റ് ജനറല്‍സെക്രട്ടറിയായ തന്നെ സമിതിയുടെ ജോയിന്റ് കണ്‍വീനറായി തെരഞ്ഞെടുത്തത്.
ഇതിനുശേഷം തനിക്കും ഹിന്ദു പാര്‍ലമെന്റിനുമെതിരെ സംഘപരിവാര്‍ വ്യാജവാര്‍ത്ത ചമയ്ക്കുകയും വ്യക്തിഹത്യ നടത്തുകയുമാണ്. വ്യാജ വാര്‍ത്തയ്ക്ക് ജന്മഭൂമി പത്രത്തിനെതിരെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments