ഖാലിദ് റഹ്മാന്റെ അനുരാഗ കരിക്കിന്‍ വെള്ളത്തിലെ എലി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ രജിഷ വിജയന്‍ ആറ് ഗെറ്റ് അപ്പുകളില്‍ എത്തുന്ന ജൂണ്‍ സിനിമയുടെ പുതിയഗാനം പുറത്തിറങ്ങി. നവാഗതനായ അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന ജൂണില്‍ ഒരു പെണ്‍കുട്ടിയുടെ കൗമാര കാലം തൊട്ട് വിവാഹം വരെയുള്ള ജീവിതമാണ് പറയുന്നത്.ആദ്യ ഗാനത്തില്‍ രജിഷയുടെ സ്‌കൂള്‍ ജീവിതമാണ് കാണിക്കുന്നതെങ്കില്‍ ഇത്തവണ യൗവ്വന കാലത്തെയാണ് ചിത്രീകരിക്കുന്നത്.
നഗരജീവിതത്തിലെ കാഴ്ചകളെ ഒപ്പിയെടുക്കുന്ന മനോഹരമായ ഫ്രെയിമുകളാല്‍ ഗാനത്തിലെ രംഗങ്ങള്‍ ഹൃദയസ്പര്‍ശി ആയിരിക്കുന്നു. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് സിനിമ നിര്‍മ്മിക്കുന്നത്.കൂട് വിട്ട് പാറും തേന്‍ കിളി എന്ന വരികള്‍ക്ക് പിന്നില്‍ വിനായക് ശശികുമാറാണ്. ഇഫ്തിയാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്. ബിന്ദു അനിരുദ്ധനാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ജൂണിനായി നായിക രജിഷ വിജയന്‍ വലിയ രീതിയിലുള്ള മുന്നൊരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. സിനിമയില്‍ നിന്ന് ഒരു ഇടവേള എടുത്തത് തന്നെ ജൂണ്‍ പോലുള്ള ഒരു സിനിമയുടെ ഭാഗമാവാന്‍ വേണ്ടിയായിരുന്നെന്ന് രജിഷ പറഞ്ഞിരുന്നു. പതിനേഴ് വയസ്സ് തൊട്ട് 25 വയസ്സ് വരെയുള്ള കഥാപാത്രങ്ങളെയാണ് രജിഷ ചിത്രത്തില്‍ അഭിനയിക്കുന്നത്.
ഒരു പെണ്‍കുട്ടിയുടെ ആദ്യ പ്രണയം, അടുപ്പം, ആദ്യ ജോലി എന്നിവയിലൂടെയുള്ള വൈകാരിക അടുപ്പങ്ങളാണ് ജൂണില്‍ പറയുന്നത്. നായികാ കേന്ദ്രികൃതമായ സിനിമയാകും ജൂണ്‍ എന്ന് നിര്‍മാതാവുകൂടിയായ വിജയ് ബാബു പറയുന്നു. ജോജു ജോര്‍ജ്ജ്, സത്യം ശിവം സുന്ദരം ഫെയിം അശ്വതി എന്നിവരാണ് രജിഷയുടെ മാതാപിതാക്കളായി അഭിനയിക്കുന്നത്. അര്‍ജുന്‍ അശോകന്‍, അജു വര്‍ഗീസ് എന്നിവരും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. 16 പുതു മുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
Post Your Comments