Latest NewsIndia

ഹിന്ദു പെണ്‍കുട്ടികളെ തൊട്ടാല്‍ കൈ വെട്ടണം: വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി

താജ്മഹല്‍ നിര്‍മ്മിച്ചത് മുസ്ലീങ്ങളല്ല, അതൊരു ശിവക്ഷേത്രമായിരുന്നെന്ന് ആനന്ദ കുമാര്‍ ഹെഗ്‌ഡെ പറഞ്ഞു

ബെംഗുളൂരു: ഇടയ്ക്കിടെ വിവാദ പ്രസ്താവനകളുമായി രംഗത്തെത്തുന്ന ആളാണ് കേന്ദ്രമന്ത്രി അനന്തകുമാര്‍ ഹെഗ്ഡെ. ഒരിടവേളയ്ക്കു ശേഷം വീണ്ടും ഇത്തരമൊരു പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് ഹെഗ്ഡെ. ഹിന്ദുപെണ്‍കുട്ടികളെ സ്പര്‍ശിക്കുന്നവരുടെ കൈ വെട്ടണമെന്നാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. കുടകിലെ ചടങ്ങില്‍ സംസാരിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞ ഈ വാക്കുകള്‍ ഇപ്പോള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്.

”നമ്മുടെ ചിന്തകളില്‍ അടിസ്ഥാനപരമായ മാറ്റം വേണം. നമുക്കുചുറ്റും നടക്കുന്നതിനെ നിരീക്ഷിക്കണം. ഹിന്ദുപെണ്‍കുട്ടികളെ സ്പര്‍ശിക്കുന്നവരുടെ കൈ പിന്നീട് അവരുടെ ദേഹത്ത് ഉണ്ടാവരുത്. ജാതി, മതം എന്നിവയൊന്നും പരിഗണിക്കേണ്ടതില്ല” എന്നാണ് അദ്ദേഹം പറഞ്ഞത്.

അതേസമയം താജ്മഹല്‍ നിര്‍മ്മിച്ചത് മുസ്ലീങ്ങളല്ല, അതൊരു ശിവക്ഷേത്രമായിരുന്നെന്ന് ആനന്ദ കുമാര്‍ ഹെഗ്‌ഡെ പറഞ്ഞു. താജ്മഹല്‍ നിര്‍മ്മിച്ചത് മുസ്ലീങ്ങളല്ലെന്നത് ചരിത്രം പരിശോധിച്ചാല്‍ മനസിലാകും. ഷാജഹാന്‍ തന്റെ ആത്മകഥയില്‍ ഇതിനേക്കുറിച്ച് പറഞ്ഞിട്ടുണ്ടെന്നുമാണ് ബിജെപി നേതാവിന്റെ വാദം.

ഷാജഹാന്‍ തന്റെ ആത്മകഥയില്‍ താജ്മഹല്‍ പണിത സ്ഥലം ജയസിംഹ രാജാവിന്റെ പക്കല്‍ നിന്ന് വാങ്ങിച്ചെന്ന് പറയുന്നുണ്ട്. പരമതീര്‍ത്ഥ രാജാവാണ് ഈ ശിവ ക്ഷേത്രം പണിതത്. തേജോ മഹാലയ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ക്ഷേത്രം പിന്നീട് താജ് മഹല്‍ എന്നായി മാറുകയായിരുന്നുവെന്നാണ് ഹെഗ്‌ഡെ പറഞ്ഞത്.

നമ്മള്‍ ഉറങ്ങുകയാണെങ്കില്‍, നമ്മുടെ വീടുകള്‍ ഉള്‍പ്പടെ മസ്ജിദ് എന്ന് പുനര്‍നാമകരണം ചെയ്യപ്പെടും. ഭാവിയില്‍ ശ്രീരാമനെ ജഹന്‍പാന എന്നും സീതയെ ബീബി എന്നും വിളിക്കേണ്ടിവരുമെന്നും ഹെഗ്‌ഡെ കൂട്ടിച്ചേര്‍ത്തു.

കേന്ദ്രമന്ത്രിയുടെ പരാമര്‍ശത്തിനുനേരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. ഇത്തരത്തിലുള്ളവരെ എം.പി.യാക്കുന്നതും കേന്ദ്രമന്ത്രിയാക്കുന്നതും ദൗര്‍ഭാഗ്യകരമാണെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവു ട്വീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button